കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ രണ്ടു പേർ കോഴിക്കോട് പിടിയിൽ
കോഴിക്കോട്: മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ രണ്ടു പേർ പിടിയിൽ. ഇവരിൽ നിന്ന് 37 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് ഇവരെ പിടികൂടിയത്. കണ്ണൂർ എടക്കാട് തൊട്ടട സ്വദേശി സുനീഷ് (36), കൂത്തുപറമ്പ് സ്വദേശി രാജേഷ് (32) എന്നിവരാണ് പിടിയിലായത്. ഇരുവരും ബന്ധുക്കളാണ്.

അസി. കമീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള ഡൻസാഫും മുഹമ്മദ് സിയാദിൻ്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് പിടികൂടിയത്. ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്നും മുംബൈയിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്നും, നേരത്തെയും വിവിധയിടങ്ങളിലേക്ക് ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു.

ലഹരി മരുന്നിൻ്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുമെന്ന് നാർകോട്ടിക് സെൽ അസി. കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു. ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, കെ. അഖിലേഷ്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, ടൗൺ പൊലീസ് സ്റ്റേഷനിലെ ഷബീർ, ബിനിൽ കുമാർ, പ്രദീഷ്, സുധീന്ദ്രൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

