KOYILANDY DIARY

The Perfect News Portal

തൃപ്പുണ്ണിത്തുറ തെരഞ്ഞെടുപ്പ് കേസ്; ഹൈക്കോടതി വിധി ഇന്ന്

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധി ഇന്ന്. കെ ബാബുവിൻ്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന എം സ്വരാജിൻ്റെ ഹർജിയിലാണ് ജസ്റ്റിസ് പി ജി അജിത്കുമാര്‍ വിധി പറയുക. മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് പിടിച്ച കെ ബാബുവിൻ്റെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് സ്വരാജിൻ്റെ പരാതി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹർജി സമര്‍പ്പിച്ചത്.

അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്തതിൻ്റെ തെളിവ് കോടതിയിൽ സ്വരാജ് ഹാജരാക്കിയിരുന്നു. സ്ലിപ്പിൽ ശബരിമല അയ്യപ്പൻ്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തി, മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിലാണെന്ന് പ്രചാരണം നടത്തി, എം സ്വരാജ് വിജയിക്കുകയാണെങ്കിൽ അയ്യപ്പന്‍റെ തോൽവിയണെന്ന് പ്രചരിപ്പിച്ചു, തുടങ്ങിയവയാണ് ഹർജിയിലെ ആരോപണങ്ങൾ.

 

ചുവരെഴുത്തുകളിൽ അയ്യപ്പൻ്റെ ചിത്രം ഉപയോഗിച്ചതിൻ്റെ തെളിവും ഹർജിക്കൊപ്പം സ്വരാജ് ഹാജരാക്കിയിരുന്നു. ബാബുവിൻ്റെ നടപടി ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമായതിനാൽ ബാബുവിനെ അസാധുവായി പ്രഖ്യാപിച്ച് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേവലം 900 ൽ പരം വോട്ടുകൾ മാത്രമായിരുന്നു കെ ബാബുവിൻ്റെ ഭൂരിപക്ഷം.

Advertisements

 

കേസിൽ സാക്ഷികളുടെ വിസ്താരം നടക്കുന്നതിനിടെ ഹർജി നിലനിൽക്കില്ലെന്ന വാദവുമായി കെ ബാബു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ബാബുവിൻ്റെ വാദം തള്ളിയ സുപ്രീം കോടതി വിചാരണ തുടരാൻ ഹൈക്കോടതിക്ക് നിർദേശം നല്‍കുകയായിരുന്നു. കേസില്‍ എം. സ്വരാജിന്റെയും എതിര്‍വിഭാഗത്തിന്‍റെയും സാക്ഷികളുടെ വിസ്താരം നേരത്തെ പൂർത്തിയായിരുന്നു. വിശദമായ വാദവും തെളിവെടുപ്പുകളും പൂർത്തിയാക്കിയാണ് കോടതി ഇന്ന് അന്തിമ വിധിയിലേക്ക് കടക്കുന്നത്.