താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റുന്നതിനാൽ ഗതാഗതം തടസ്സപ്പെടാൻ സാധ്യത

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിന് താഴെ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റുന്നതിനാൽ രാവിലെ 9 മണി മുതൽ ഉദ്ദേശം 12 മണി വരെ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ട്. യാത്രക്കാർ സമയം ക്രമീകരിച്ച് കുറ്റ്യാടി ചുരം വഴിയോ അല്ലെങ്കിൽ നിലമ്പൂർ നാടുകാണി ചുരം വഴിയോ വയനാട്ടിലേക്ക് തിരിച്ചു പോകേണ്ടതാണെന്ന് അറിയിപ്പുണ്ട്. ഇന്നലെ രാത്രിയാണ് ഒൻപതാം വളവിൽ കൂറ്റൻ മരം മണ്ണ് ഇളകി അപകടരമായ നിലയിലായത്. തുടർന്ന് ചുരത്തിൽ ഗതാഗതം നിയന്ത്രിച്ചിരുന്നു.

ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്നലെ റെഡ് അലർട്ട് ഉണ്ടായിരുന്നത്. ഇന്ന് കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

