ദുരന്തമായി വിനോദയാത്ര; കർണാടകയിൽ ഡാമിലിറങ്ങിയ ഏഴുപേർ ഒഴുക്കിൽപ്പെട്ടു, ഒരാളെ രക്ഷപ്പെടുത്തി

കർണാടകയിലെ തുമകുരുവിൽ വിനോദയാത്രക്കെത്തിയവർ ഒഴുക്കിൽപെട്ടു. ഒരു കുടുംബത്തിലെ ഏഴ് പേരാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച ആണ് സംഭവം. തുമകുരു ജില്ലയിൽ മാർക്കോനഹള്ളി ഡാമിൽ വിനോദയാത്രക്കെത്തിയവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതോടെ അവധിക്കാല വിനോദയാത്ര ദുരന്തമായി മാറി.

തുംകുരു പോലീസ് സൂപ്രണ്ട് അശോക് കെ. വി പറയുന്നതനുസരിച്ച്, ഏകദേശം 15 പേർ അണക്കെട്ടിൽ ഒരു പിക്നിക്കിനായി പോയിരുന്നു. സൈഫോൺ സംവിധാനം പെട്ടെന്ന് വെള്ളം തുറന്നുവിട്ടപ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏഴ് പേർ വെള്ളത്തിലേക്ക് ഇറങ്ങി, ഇതോടെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. കുതിച്ചുയരുന്ന വെള്ളം ഏഴ് പേരെയും വലിച്ചിഴച്ചു കൊണ്ടുപോയി. പോലീസ്, ഫയർ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. നവാസ് എന്നൊരാളെ രക്ഷപ്പെടുത്തി ആദിചുഞ്ചനഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായും കാണാതായ നാല് പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു. നവാസ് ഒഴികെയുള്ള എല്ലാവരും സ്ത്രീകളും പെൺകുട്ടികളുമാണെന്ന് അശോക് കെ.വി പറഞ്ഞു. ജലപ്രവാഹത്തിലെ പെട്ടെന്നുള്ള സ്വാഭാവിക വർദ്ധനവാണ് സംഭവത്തിന് കാരണമെന്ന് ഡാം എഞ്ചിനീയർമാർ പറയുന്നു, എന്നിരുന്നാലും സൈഫോൺ പുറത്തേക്ക് ഒഴുകിയതിന്റെ കൃത്യമായ കാരണം അന്വേഷിക്കും. കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനും തിരിച്ചറിയലിനും വേണ്ടി ആദിചുഞ്ചനഗിരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

