ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പേമാരി; മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാനില്ല

ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പേമാരി തുടരുന്നു. ഹിമാചലിൽ മാത്രം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാനില്ല. ഉത്തരാഖണ്ഡിൽ നാല് ജില്ലകളിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെ ചമ്പ, മാണ്ഡി ജില്ലകളിൽ മേഘവിസ്ഫോടനം ഉണ്ടായിരുന്നു. കനത്ത മഴയെ തുടർന്ന് ഇന്നും സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിലും സമാനമാണ് സ്ഥിതി. തെഹ്രി, ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി ജില്ലകളിലാണ് മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കാനും, മുൻകരുതൽ നടപടികൾ സ്വീകരിക്കാനുമായി ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ കനക്കുകയാണ്. ഹരിയാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൽഹിയിൽ ഇടവേളയ്ക്ക് ശേഷം പെയ്ത കനത്ത മഴയിൽ നഗരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗതം മണിക്കൂറുകൾ വരെ സ്തംഭിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത ഒരു ആഴ്ച കൂടി ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുമെന്നാണ് പ്രവചനം.

