KOYILANDY DIARY

The Perfect News Portal

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്തിയ സംഘത്തിൽ ഉന്നത ഉദ്യോഗസ്ഥരും

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിന് ചുക്കാൻ പിടിച്ചത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘമെന്ന് കണ്ടെത്തൽ. സിഐഎസ്എഫ് അസി. കമാൻഡന്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവരാണ് സംഘത്തിലുള്ളത്. ഇവർ കരിപ്പൂർ വഴി 60 പ്രാവശ്യം സ്വർണം കടത്തിയതിൻറെ തെളിവ് പൊലീസിന് ലഭിച്ചു. സിഐഎസ്എഫ് അസി. കമാൻഡന്റ് നവീനാണ് സ്വർണക്കടത്ത് ഏകോപിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന കസ്റ്റംസ് ഓഫീസറെ കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

മലപ്പുറം എസ്‌പി എസ് സുജിത് ദാസിൻറെ നേതൃത്വത്തിലാണ് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ വലയിലാക്കിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂൾ അടങ്ങുന്ന ലിസ്റ്റ് കടത്തുസംഘത്തിൻറെ കൈവശം ഉണ്ടായിരുന്നത് പൊലീസിന് ലഭിച്ചിരുന്നു. വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരൻ ഷറഫലി, സ്വർണം വാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസൽ എന്നിവരിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. ഇടപാടിനായി ഉദ്യോഗസ്ഥരും കടത്തുകാരും പ്രത്യേക മൊബൈൽ സിമ്മുകളും ഉപയോഗിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

 

കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം സ്വർണം കടത്തിയത്. റഫീഖുമായി ഉദ്യോഗസ്ഥർ നടത്തിയ ഇടപാടുകളുടെ തെളിവും ലഭിച്ചിട്ടുണ്ട്. അതേസമയം, കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തൽ വ്യാപകമാവുകയാണ്. ഇത് സംബന്ധിച്ച് അടുത്തിടെ നിരവധി വാർത്തകളാണ് പുറത്തുവന്നത്. നിരവധി രീതിയിലാണ് ആളുകൾ ഇതുവഴി സ്വർണം കടത്താൻ ശ്രമിക്കുന്നത്. ശരീരത്തിലും മിക്സിയിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Advertisements

 

രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മലപ്പുറം സ്വദേശി അമീർ പത്തായക്കണ്ടി, കോഴിക്കോട് സ്വദേശി മുഹമ്മദ് റഹീസ് എന്നിവരാണ് പിടിയിലായത്. അടുത്തിടെ, കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മൂന്ന് കോടിയുടെ 5,​460 ഗ്രാം സ്വർണവുമായി ആറുപേർ പിടിയിലായിരുന്നു. ദുബായ്, ദോഹ, ജിദ്ദ എന്നിവിടങ്ങളിൽ നിന്നെത്തിയവരാണ് പിടിയിലായത്. ഇവരിലൊരാളെ തട്ടിക്കൊണ്ടുപോയി സ്വർണം കവരാനെത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളെയും പിടികൂടിയിരുന്നു.