പുന്നപ്രയുടെ സമരസ്മരണയ്ക്ക് ഇന്ന് 79 ആണ്ട്

.
പിറന്ന നാടിന്റെ മോചനത്തിന് വേണ്ടിയും പ്രായപൂർത്തി വോട്ടവകാശത്തിന് വേണ്ടിയും അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ പോരാടി ധീര രക്തസാക്ഷിത്വം വരിച്ച പുന്നപ്ര വയലാർ സമര പോരാളികളെ അനുസ്മരിച്ച് ഇന്ന് പുന്നപ്ര സമരഭൂമിയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം നടക്കും. രാവിലെ അമ്പലപ്പുഴ താലൂക്കിലെ സമര പോരാളികളുടെ പിൻമുറക്കാർ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പ്രകടനമായി എത്തിയാണ് പുന്നപ്ര സമരഭൂമിയിൽ പുഷ്പാർച്ചന നടത്തുന്നത്.

വൈകിട്ട് നടക്കുന്ന അനുസ്മരണ സമ്മേളനം സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും. സിപിഐ, സിപിഐഎം നേതാക്കൾ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും വൈകിട്ട് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പങ്കെടുക്കും.

25ന് മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിലും 26ന് മാരാരിക്കുളത്തും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനങ്ങളും നടക്കും. 27ന് വയലാർ രക്തസാക്ഷി മണ്ഡപത്തിലാണ് സമാപനം നടക്കുക. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ, മുഖ്യമന്ത്രി പിണറായി വിജയൻ കൂടാതെ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രമുഖ നേതാക്കളെല്ലാവരും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും.

