KOYILANDY DIARY

The Perfect News Portal

ആലുവയിൽ മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേർ അറസ്റ്റിൽ

ആലുവ: ആലുവ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്ന്‌ മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിൽ ഇവർ പങ്കാളികളാണെന്ന്‌ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്‌റ്റ്‌. തട്ടിക്കൊണ്ടുപോകാൻ വാഹനം ഏർപ്പെടുത്തി നൽകിയതും ഇവരാണ്‌.

പത്തനംതിട്ട എആർ ക്യാമ്പ് എസ്ഐ സുരേഷ് ബാബുവിൽനിന്നാണ്‌ മുഹമ്മദ്‌ റിയാസ്‌ ചുവപ്പ്‌ ഇന്നോവ കാർ വാടകയ്ക്ക് എടുത്തത്. മുഹമ്മദ്‌ റിയാസിൽനിന്ന്‌ അൻവറും വാടകയ്‌ക്കെടുത്തു. അൻവറാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിന് കാർ നൽകിയത്. എസ്‌ഐ സുരേഷ്‌ ബാബുവും ഈ വാഹനം വാടകയ്‌ക്ക്‌ എടുത്തിരുന്നതായാണ്‌ വിവരം. തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ വാഹനം പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനകൾക്കുശേഷം ആലുവ പൊലീസിന് കൈമാറി. ഞായറാഴ്ച രാവിലെ ഏഴിനാണ് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനുമിടയിൽ മൂന്ന് യുവാക്കളെ ഒരുസംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്.

 

പിന്നിൽ സാമ്പത്തിക ഇടപാട്‌ ;

Advertisements

സംഘത്തിൽ തിരുവനന്തപുരം സ്വദേശികൾ ആലുവയിൽനിന്ന്‌ തട്ടിക്കൊണ്ടുപോയത്‌ ബംഗാൾ സ്വദേശികളായ മൂന്ന്‌ യുവാക്കളെയാണെന്ന്‌ വിവരം. തട്ടിക്കൊണ്ടുപോയ സംഘത്തിലുള്ളവർ തിരുവനന്തപുരത്തുള്ളവരാണെന്നും വിവരം ലഭിച്ചു. സംഘത്തിന്‌ കാർ തരപ്പെടുത്തി നൽകിയവർ ചോദ്യം ചെയ്യലിലാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.തട്ടിക്കൊണ്ടുപോയവർ തിരുവനന്തപുരത്ത്‌ നടത്തിയിരുന്ന സ്ഥാപനത്തിലെ ജോലിക്കാരായിരുന്നു ബംഗാൾ സ്വദേശികൾ. ഇവർ അഞ്ച്‌ ലക്ഷം രൂപ സ്ഥാപന നടത്തിപ്പുകാരിൽനിന്ന്‌ കൈക്കലാക്കി.

 

അതിനുശേഷം അവിടെനിന്ന്‌ കടന്നു. മൂന്നുപേരും ആലുവയിലുണ്ടെന്ന്‌ മനസ്സിലാക്കി സ്ഥാപന നടത്തിപ്പുകാർ ഇവരെ ബന്ധപ്പെട്ടു. ഒത്തുതീർപ്പ്‌ ചർച്ച നടത്താമെന്ന്‌ അറിയിച്ചു. തുടർന്ന്‌ ആലുവയിലെത്തി മൂന്നുപേരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. വിപണിയിൽ വൻ വിലവരുന്ന വസ്‌തു അഞ്ച്‌ ലക്ഷത്തിന്‌ നൽകാമെന്ന്‌ പറഞ്ഞായിരുന്നു ഇടപാട്‌. കൂടുതൽ വിവരങ്ങൾ പൊലീസ്‌ പുറത്തുവിട്ടിട്ടില്ല. തട്ടിക്കൊണ്ടുപോയവരെ ഉപേക്ഷിച്ച്‌ കടന്നതായും സംശയിക്കുന്നു. സംഭവത്തിൽ ഇതുവരെയും പൊലീസിന്‌ പരാതിയൊന്നും ലഭിച്ചിട്ടില്ല.