KOYILANDY DIARY

The Perfect News Portal

ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് മാർച്ചുമാസത്തിൽ കേന്ദ്രം പണം തരാതിരിക്കുന്നത്; മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് മാർച്ചുമാസത്തിൽ കേന്ദ്രം പണം അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. അതേ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികൾ സംസ്ഥാനത്തിനുണ്ടെങ്കിലും ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും ബാങ്ക് സിസ്റ്റം ഹാങ് ആകാതെ ഇരിക്കുവാനാണ് പിൻവലിക്കാനുള്ള തുകയുടെ പരിധി 50000 എന്ന് തീരുമാനിച്ചതെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി  പറഞ്ഞു.

ശമ്പളം കൊടുക്കാനുള്ള പണം ട്രഷറിയിൽ ഉണ്ട്. ക്ഷേമപെൻഷനടക്കം കൊടുക്കണമെന്നുതന്നെയാണ് സർക്കാർ നിലപാട്. അതിനുവേണ്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഡൽഹിയിൽ പോയി സമരം ചെയ്തതും. 14000 കോടി രൂപയാണ്  കേന്ദ്രത്തിൽ നിന്നും കിട്ടാനുള്ളത്. എന്നാൽ സുപ്രീംകോടതിയിൽ കേസ് നൽകിയതിനാൽ പണം നൽകാതെ കേന്ദ്രം പിടിച്ചുവെച്ചിരിക്കുകയാണ്. അവകാശപ്പെട്ട പണമാണ് ചോദിക്കുന്നത്. എത്രനാൾ ഇത് തരാതെ ബുദ്ധിമുട്ടിക്കാൻ കേന്ദ്രത്തിനാകും. സുപ്രീം കോടതി അടുത്ത ഹിയറിങിൽ തന്നെ സംസ്ഥാനത്തിന് അനുകുലമായ നിലപാടെടുക്കുമെന്നുതന്നെയാണ്  വിശ്വസിക്കുന്നതെന്നും മന്ത്രി പറഞ്ഞു.