സ്‌കൈ സ്‌കാനര്‍ ട്രാവലേഴ്‌സ് പുരസ്‌കാരം തിരുവനന്തപുരത്തിന്

സ്‌കൈ സ്‌കാനര്‍ ട്രാവലേഴ്‌സ് പുരസ്‌കാരം തിരുവനന്തപുരത്തിന്. ലോകം കണ്ടിരിക്കേണ്ട 10 നഗരങ്ങളിലൊന്നായി തിരുവനന്തപുരം. തിരുവനന്തപുരത്തിന് ലഭിച്ചത് വലിയ അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ തിരുവനന്തപുരത്തിനും അംഗീകാരം ലഭിച്ചുവെന്നും മാനവീയം വീഥി വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചു പറ്റിയെന്നും മന്ത്രി പറഞ്ഞു.

നഗരത്തിലെ 25 കെട്ടിടങ്ങള്‍ ദീപാലംകൃതമായി, സൗന്ദര്യവല്‍ക്കരണം തുടരുന്നു. ബേക്കറി ജംഗ്ഷന്‍ മനോഹരമായ സ്ഥലമായി മാറും. വലിയ രീതിയില്‍ സന്ദര്‍ശകര്‍ നഗരത്തിലെത്തുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളെ കുറിച്ചും മന്ത്രി സംസാരിച്ചു. ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഉപതിരഞ്ഞെടുപ്പില്‍ നല്ല വിജയം ഇടതുമുന്നണിക്ക് ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സ്ഥിതി നോക്കിയല്ല ജനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. തൃശ്ശൂരിലെ തോല്‍വിയില്‍ കോണ്‍ഗ്രസിന്റെ അന്വേഷണ കമ്മീഷന്‍ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. ആ ജില്ലയില്‍ ഒരു ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോഴെങ്കിലും അതിന്റെ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് പുറത്തുവിടാന്‍ തയ്യാറാകണ്ടേ. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് വിജയിച്ചത്. വട്ടിയൂര്‍ക്കാവിന്റെ വേര്‍ഷന്‍ ടു ആണ് പാലക്കാട് ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലും ബിജെപിയിലും അസംതൃപ്തരുണ്ട്. പാലക്കാട് എംഎല്‍എയെ വടകര കൊണ്ട് മത്സരിപ്പിച്ചത് എല്‍ഡിഎഫ് അല്ലല്ലോയെന്നും മന്ത്രി ചോദിച്ചു. രാജ്യസഭാ സീറ്റ് ബിജെപിക്ക് പോകും എന്നറിഞ്ഞിട്ടും രാജസ്ഥാന്‍ എംപിആയിരുന്ന വേണുഗോപാലിനെ ആലപ്പുഴ മത്സരിപ്പിച്ചത് എല്‍ഡിഎഫ് അല്ല. യുഡിഎഫിലെയും കോണ്‍ഗ്രസിലെയും മതനിരപേക്ഷ സമൂഹം ഇത്തവണ എല്‍ഡിഎഫിന് വോട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിലെ എഡിഎമ്മിന്റെ ആത്മഹത്യയില്‍ പാര്‍ട്ടി നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

