ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്’ പദ്ധതിയില്‍ നിര്‍മിച്ച മുപ്പത് ഇ-ഗാര്‍ബേജ് ഓട്ടോറിക്ഷകള്‍ നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും

കോഴിക്കോട്: ‘ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്’ പദ്ധതിയില്‍ നിര്‍മ്മിച്ച മുപ്പത് ഇ-ഗാര്‍ബേജ് ഓട്ടോറിക്ഷകള്‍ നാളെ (ജനുവരി 11) ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജില്‍ വൈകിട്ട് നാലിന് മന്ത്രി ഡോ. ആര്‍ ബിന്ദു ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിക്കും. ഇന്ത്യയിലാദ്യമായാണ് ഇത്രയും വാഹനങ്ങള്‍ ഒരുമിച്ചു ഒരു ക്യാമ്പസ്സില്‍ നിന്നും നിര്‍മിച്ചു നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ‘പഠനത്തോടൊപ്പം സമ്പാദ്യം’ പദ്ധതിയായാണ് കോഴിക്കോട് പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഈ ഓട്ടോറിക്ഷകള്‍ അസംബിള്‍ ചെയ്തത്. ഖരമാലിന്യ ശേഖരണത്തിന് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തതാണിവ. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ നിര്‍മ്മാണക്കമ്പനിയായ ആക്‌സോണ്‍ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടുകൂടി ആരംഭിച്ച ക്യാമ്പസ് ഇന്‍ഡസ്ട്രി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മാണം.

ആക്സിയോണ്‍ വെഞ്ചേഴ്സ് 2022 ഒക്ടോബര്‍ 31ന് പോളിടെക്‌നിക്ക് കോളേജുകളില്‍ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചുകൊണ്ട് വ്യാവസായിക ഉല്‍പ്പാദനം ആരംഭിക്കാനുള്ള ധാരണാപത്രം സര്‍ക്കാരുമായി ഒപ്പുവെച്ചിരുന്നു. ഇതിനു തുടര്‍ച്ചയായാണ് കോഴിക്കോട് കോര്‍പ്പറേഷനു വേണ്ടി 75 ഇലക്ട്രിക് ഗാര്‍ബേജ് വാഹനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള വര്‍ക്ക് ഓര്‍ഡര്‍ ‘ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്’ പദ്ധതി നേടിയെടുത്തത്. അതില്‍ ആദ്യഘട്ടമായാണ് 30 ഇലക്ട്രിക് ഓട്ടോകള്‍ വിതരണത്തിന് തയ്യാറായിരിക്കുന്നത്.

വ്യാവസായികാടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യ ക്യാംപസ് ഇലക്ട്രിക് ത്രീ-വീലര്‍ അസംബ്ലി യൂണിറ്റാണ് കോഴിക്കോട് പോളിടെക്നിക് കോളേജിലേത്. കര്‍ശന ഗുണനിലവാര പരിശോധനകള്‍ക്കു ശേഷമാണ് മുപ്പത് വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം യഥാര്‍ത്ഥ വ്യാവസായിക സാഹചര്യങ്ങളുമായി പരിചയപ്പെടാനും ധനസമ്പാദനത്തിനുമുള്ള അവസരം സൃഷ്ടിക്കുകയെന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിന്റെ വിജയം കൂടിയാണിത് – മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു.

