KOYILANDY DIARY

The Perfect News Portal

സഹകരണ സ്‌പ‌ർശമേൽക്കാത്ത ഒരു മേഖലയും സംസ്ഥാനത്തില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ സ്‌പ‌ർശമേൽക്കാത്ത മേഖലകൾ സംസ്ഥാനത്തില്ലെന്ന്   മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയിൽ കേരളം മാതൃകയാണെന്നും കേരളത്തിൻറെ സഹകരണമേഖലയെ തകർക്കാൻ ദേശീയ തലത്തിൽ നീക്കം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സഹകരണ യൂണിയൻ സംഘടിപ്പിച്ച സ​ഹകരണ സംരക്ഷണ മഹാസം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

Advertisements

ഏറെ വിപുലമാണ് കേരളത്തിലെ സഹകരണമേഖല. ഈ സഹകരണരം​ഗം ഇത്തരത്തിൽ കരുത്താർജിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ​ഗവൺമെന്റുകൾ നല്ല പിന്തുണ നൽകിയിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സഹകരണ മേഖലയ്ക്ക് വലിയ പ്രാമുഖ്യമാണ് ഇന്ത്യ ​ഗവൺമെന്റ് നൽകിയിരുന്നത്. ആ​ഗോള വൽക്കരണനയം അം​ഗീകരിച്ചതോടെയാണ് ഇതിനു മാറ്റം വരുന്നത്. നയം സഹകരണ മേഖലയെ പലതരത്തിൽ ബാധിച്ചു. നയത്തിനു ശേഷം വന്ന കമീഷനുകൾ പലതും മേഖലയ്ക്ക് നാശം വരുത്തുന്ന തരത്തിലുള്ള നിർദേശങ്ങളാണ് സമർപ്പിച്ചിരുന്നത്. 

 

ഈയൊരു ഘട്ടത്തിലും കേരളം അതിന്റേതായ തനിമ നിലനിർത്തിയാണ് പോയത്. സംസ്ഥാനത്തെ സഹകാരികൾ അഖിലേന്ത്യാ തലത്തിൽ മേഖലയ്ക്ക് നാശകരമാകുന്ന തരത്തിലുള്ള നിർദേശങ്ങൾ കമീഷനുകൾ മുന്നോട്ടുവെച്ചാൽ അതിനെ തുറന്നുകാട്ടാനും എതിർക്കാനും ഒറ്റക്കെട്ടായി നിക്കാറുണ്ട്. സഹകാരികളുടെ മാത്രമല്ല, മാറി മാറി അധികാരത്തിൽ വന്ന സർക്കാരുകളും ഇതേ നില തന്നെയാണ് സ്വീകരിച്ചു പോന്നത്.

Advertisements

 

സഹകരണമേഖലയ്ക്കെതിരെയുള്ള എല്ലാ നിർദേശങ്ങളെയും ശക്തമായി എതിർക്കുന്ന സമീപനമാണ് കേരളത്തിലെ ​ഗവൺമെന്റുകൾ സ്വീകരിച്ചു വന്നത്. ഇതാണ് കേരളത്തിലെ സഹകരണ മേഖലയുടെ പ്രത്യേകത. സഹകരണ മേഖലയെ തകർക്കാനുള്ള നീക്കങ്ങൾ ഇപ്പോഴും ശക്തമായി നടക്കുന്നുണ്ട്. നോട്ടു നിരോധനത്തിന്റെ അവസരത്തിലാണ് ഇത് ഏറെ വ്യാപകമായി നടന്നത്. ഒറ്റക്കെട്ടായാണ് ഇതിനെ കേരളം ചെറുക്കുന്നത്. ഇനിയും അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.