KOYILANDY DIARY

The Perfect News Portal

രാജ്യം കാക്കിപട്ടാളം നിയന്ത്രിക്കുന്ന അവസ്ഥ വരാതിരിക്കാൻ വിശാല യോജിപ്പും ഐക്യവും ആവശ്യം; എം വി ഗോവിന്ദൻ

തൃശൂർ: രാജ്യം കാക്കിപട്ടാളം നിയന്ത്രിക്കുന്ന അവസ്ഥ വരാതിരിക്കാൻ വിശാല യോജിപ്പും ഐക്യവും ആവശ്യമാണെന്ന്‌ സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ആർഎസ്‌എസും ബിജെപിയും രാഷ്‌ട്രീയ രാമപ്രതിഷ്‌ഠ നടത്തിക്കഴിഞ്ഞു. ഹിന്ദുരാഷ്‌ട്ര നിർമ്മിതിയാണ്‌ ലക്ഷ്യം. ഹിന്ദുത്വ വർഗീയ അജൻഡ എല്ലാ ജനാധിപത്യമൂല്യങ്ങളും തകർക്കുന്നു. ഇതിനെ ചെറുക്കാനുള്ള രാഷ്‌ട്രീയ ഇഛാശക്തി കോൺഗ്രസ്‌ പ്രകടിപ്പിക്കുന്നില്ല – കേരള സാഹിത്യ അക്കാദമി സാർവ്വദേശീയ സാഹിത്യോത്സവത്തിൽ  ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള സംവാദത്തിൽ ഗോവിന്ദൻ പറഞ്ഞു.

37 ശതമാനത്തിന്റെ പിന്തുണയേ കഴിഞ്ഞ തവണ ബിജെപിക്കുള്ളു. ജനാധിപത്യത്തിൽ ന്യൂനപക്ഷമായ അവർ മതനിരപേക്ഷതയെ വെല്ലുവിളിക്കയാണ്‌. ഏകസിവിൽകോഡും പൗരത്വഭേദഗതിയും കശ്‌മീർ വിഭജനവുമായി ഹിന്ദുത്വ അജൻഡകൾ പടിപടിയായി നടപ്പാക്കുന്നു. മുഖ്യപ്രതിപക്ഷമെന്ന്‌ അവകാശപ്പെടുന്ന കോൺഗ്രസ്‌ നയപരമായി മൃദുഹിന്ദുത്വപാതയിലാണ്‌. അയോധ്യയിലെ പ്രാണപ്രതിഷ്‌ഠയെക്കുറിച്ച്‌ യോജിച്ച നിലപാട്‌ അവർക്കില്ല. അവർ അങ്ങേയറ്റം ദുർബ്ബലമായ കക്ഷിയുമായി.

 

ഇത്തരമൊരവസ്ഥയിൽ ഓരോസംസ്ഥാനത്തെയും സവിശേഷ സാഹചര്യം പരിഗണിച്ചാകണം ബിജെപിയെ നേരിടേണ്ടത്‌. ആർഎസ്‌എസ്‌ – ബിജെപി ഭരണം വീണ്ടുംവന്നാൽ കേരളമാകും വലിയ വിലകൊടുക്കേണ്ടിവരിക. ഇത്‌ തിരിച്ചറിയാനും പ്രതിരോധിക്കാനുമാകണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയുടെ രാമനെ ആർ എസ്‌എസ്‌ വർഗീയ രാമനാക്കുന്നതിനെതിരായ തിരിച്ചറിവ്‌ എല്ലാ രംഗത്തുമുണ്ടാകണമെന്ന്‌ സിപിഐ നേതാവ്‌ മുല്ലക്കര രത്‌നാകരൻ പറഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനുള്ള രാഷ്‌ട്രീയ കൂട്ടായ്‌മ ആവശ്യമാണെന്ന്‌ മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും പറഞ്ഞു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ സ്വാഗതം പറഞ്ഞു.

Advertisements