യുവാവിനെ മർദിച്ച് വാഹനം തട്ടിക്കൊണ്ടുപോയി പണം കവർന്നു
താമരശേരി: കാറിലെത്തിയ അജ്ഞാതസംഘം യുവാവിനെ മർദിച്ച് വാഹനം തട്ടിക്കൊണ്ടുപോയി വാഹനത്തിലുണ്ടായിരുന്ന പണം അപഹരിച്ചു. വേങ്ങര അടിവാരം ചേരൂർ കളപ്പാട്ടിൽ മുഹമ്മദ് ഷാഹിദിന്റെ പണമാണ് അപഹരിച്ചത്. വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വ പുലർച്ചെ ഒന്നോടെയാണ് സംഭവം. ഷാഹിദിന്റെ അമ്മാവന് വാഴക്കുല എടുക്കാനായി കർണാടകയിൽ പോയി തിരിച്ചുവരുമ്പോൾ വെസ്റ്റ് കൈതപ്പൊയിലിൽ റോഡരികിൽ വാഹനം നിർത്തിയിട്ട് ഉറങ്ങുന്നതിനിടയിലാണ് സംഭവം.

വ്യാജ നമ്പർ പ്ലേറ്റ് പതിച്ച വാഹനത്തിലെത്തിയ സംഘം ഷാഹിദിനെ മർദിച്ച് പിക്കപ്പുമായി കടന്നുകളയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 65,000ത്തോളം രൂപ കവർന്ന സംഘം വാഹനം വാവാട് ഇരുമോത്ത് ഉപേക്ഷിച്ചു. കൊടുവള്ളി സിഐ ചന്ദ്രമോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് സംഘവും പരിശോധന നടത്തി. താമരശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.



