KOYILANDY DIARY.COM

The Perfect News Portal

ബേപ്പൂർ മത്സ്യബന്ധന ഹാർബറിന് സമീപം പുഴയിൽ തീപിടിച്ച ബോട്ടിന്റെ അവശിഷ്ടം പുറത്തെടുത്തുതുടങ്ങി

ബേപ്പൂർ: ബേപ്പൂർ മത്സ്യബന്ധന ഹാർബറിന് സമീപം പുഴയിൽ തീപിടിച്ച ബോട്ടിന്റെ അവശിഷ്ടം പുറത്തെടുത്തുതുടങ്ങി. കഴിഞ്ഞ ദിവസമാണ് ബോട്ടിന് തീപിടിച്ചത്. ചൊവ്വാഴ്ച രാവിലെ മുതൽ ശ്രമം ആരംഭിച്ചങ്കിലും ബോട്ടിന്റെ അടിഭാഗത്തെ പ്ലാറ്റ്ഫോം മാത്രമാണ് കരക്കെത്തിച്ചത്. വെള്ളത്തിനടിയിലുള്ള യന്ത്രഭാഗവും മറ്റും പുറത്തെടുക്കാനായിട്ടില്ല. ഇവ കൂടി ലഭിച്ചാലേ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന സാധ്യമാകൂ. അതേസമയം, അപകട വിവരമറിഞ്ഞിട്ടും ലക്ഷദ്വീപ് ഭരണകേന്ദ്രം ഇടപെട്ടില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. 
.
.
അപകടത്തിൽ പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ലക്ഷദ്വീപ് സ്വദേശികളായ രണ്ട്‌ തൊഴിലാളികളുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. ഇരുവരും വെന്റിലേറ്ററിലാണ്. കഴിഞ്ഞ ശനി അർധരാത്രിയാണ് ബേപ്പൂർ തുറമുഖത്തിന് സമീപം ചാലിയാറിന് മധ്യത്തിലായി നങ്കൂരമിട്ട ലക്ഷദ്വീപ് കിൽത്താൻ ദ്വീപിലെ അരക്കലപുര ദിൽബർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള “അഹൽ ഫിഷറീസ് 2’ ഫൈബർ ബോട്ടിൽ തീപിടിത്തമുണ്ടായത്‌.
പുലർച്ചെ അഞ്ചോടെയാണ്‌ തീ നിയന്ത്രിക്കാനായത്. 
ബോട്ടിന്റെ അവശിഷ്ടം പുറത്തെടുത്തതിൽ രണ്ട്‌ പാചക വാതക സിലിണ്ടറുമുണ്ട്. ഇവയിലൊന്ന് പൂർണമായും തകർന്ന നിലയിലാണ്. ഇതാകാം തീപിടിത്ത സമയത്തെ ഉഗ്രസ്ഫോടനത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇനിയും രണ്ട്‌ സിലിണ്ടറും ബോട്ടിന്റെ പ്രധാന ഭാഗമായ എൻജിൻ, ഗിയർ, പ്രൊപ്പല്ലർ എന്നിവ പുറത്തെടുക്കാനുണ്ട്.
ബേപ്പൂർ എസ്ഐമാരായ രവീന്ദ്രൻ, ഷനോജ് പ്രകാശ് എന്നിവർ തുറമുഖത്തെത്തി പുറത്തെടുത്ത അവശിഷ്ടം പരിശോധിച്ചു. വ്യാഴം ശാസ്ത്രീയ പരിശോധനാ വിഭാഗവും എത്തിയേക്കും. മുങ്ങൽ വിദഗ്‌ധൻ അരിക്കനാട്ട് ഷരീഫിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം പോർട്ട് വാർഫ് ബേസിനിൽ മുങ്ങിയാണ് അവശിഷ്ടം ക്രെയിനിൽ കുരുക്കിട്ട്  കരയിലെത്തിച്ചത്.
Share news