താലിച്ചരട് കഴുത്തിൽ മുറുക്കി ഭർത്താവിനെ കൊന്ന കേസിൽ യുവതിയെ പോലീസ് അറസ്റ്റുചെയ്തു

ചെന്നൈ: താലിച്ചരട് കഴുത്തിൽ മുറുക്കി ഭർത്താവിനെ കൊന്ന കേസിൽ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. മദ്യപിച്ചെത്തിയ ഭർത്താവ് ഉപദ്രവിച്ചപ്പോൾ ആത്മരക്ഷാർഥമാണ് കഴുത്തിൽ താലിച്ചരട് കുരുക്കിയതെന്നാണ് ഭാര്യയുടെ മൊഴി. ചെന്നൈ നഗരസഭയിൽ കരാർത്തൊഴിലാളിയായ നാഗമ്മാളാണ് (35) ഭർത്താവ് മണിവണ്ണനെ (28) കൊന്ന കേസിൽ അറസ്റ്റിലായത്.

ചെന്നൈ, ട്രിപ്ലിക്കനിലെ അസദുദ്ദീൻ ഖാൻ സ്ട്രീറ്റിലായിരുന്നു ഇവരുടെ താമസം. ഇതിനുമുൻപ് രണ്ടുവിവാഹം കഴിച്ചയാളാണ് പല്ലവംശാല സ്വദേശിയായ നാഗമ്മാൾ. കഴിഞ്ഞദിവസം മണിവണ്ണൻ മദ്യപിച്ചെത്തിയതിനെ നാഗമ്മാൾ ചോദ്യംചെയ്തു. അത് വഴക്കിൽ കലാശിക്കുകയും കൈയാങ്കളിയായി മാറുകയും ചെയ്തു. അതിനിടെയാണ് താലിച്ചരട് അഴിച്ച് മണിവണ്ണന്റെ കഴുത്തിൽ മുറുക്കിയത്. ശ്വാസംമുട്ടി മണിവണ്ണൻ ബോധരഹിതനായി വീണപ്പോൾ നാഗമ്മാൾ സഹോദരി അഭിരാമിയെ വിവരമറിയിച്ചു.


അഭിരാമിയും ഭർത്താവ് നന്ദകുമാറും ചേർന്ന് മണിവണ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് നാഗമ്മാൾ പറഞ്ഞത്. കഴുത്തിൽ അടയാളം കണ്ട് ചോദ്യംചെയ്തപ്പോഴാണ് മരണകാരണം വെളിപ്പെടുത്തിയത്.

