KOYILANDY DIARY.COM

The Perfect News Portal

കൊച്ചിയുടെ മുഖഛായ മാറ്റിയ വൈറ്റില ഹബ്ബ്‌ ഉയർന്നതും വി എസിന്റെ നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ

കൊച്ചിക്കാരുടെ ദൈനംദിന ജീവിതത്തിനു തന്നെ മാറ്റങ്ങൾ കൊണ്ട് വന്ന വൈറ്റില മൊബിലിറ്റി ഹബ്ബ്‌ യാഥാർഥ്യമായതിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് വഹിച്ച പങ്ക് മറക്കാനാകില്ല. കൊച്ചിയുടെ ഗതാഗതരംഗത്ത്‌ തന്നെ ഉണ്ടായ വലിയ മാറ്റങ്ങളിൽ ഒന്നായിരുന്നു അത്. മറ്റു വികസന ആവശ്യങ്ങൾക്കായി മാറ്റി വെച്ചിരുന്ന സ്ഥലത്താണ് മൊബിലിറ്റി ഹബ്ബ്‌ എന്ന ആശയം പടുത്തുയർത്തിയത്, അതും റെക്കോർഡ് വേഗത്തിൽ. കൊച്ചി മെട്രോയുടെയും വാട്ടർ മെട്രോയും റ്റേഷനും ടെർമിനലുംകൂടി രംഗപ്രവേശം ചെയ്തതോടെ 2011ൽ എൽഡിഎഫ്‌ സർക്കാർ വിഭാവനം ചെയ്‌ത മൊബിലിറ്റി ഹബ്ബ്‌ പൂർണ അർഥത്തിൽ യാഥാർഥ്യമാകുകയും ചെയ്‌തു.

തൊട്ടുമുമ്പ്‌ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി കേരോൽപ്പന്ന ഫാക്ടറിക്ക്‌ തറക്കല്ലിട്ടുപോയ ഭൂമിയിലാണ്‌ ഇന്നത്തെ വൈറ്റിലയുടെ മുഖഛായയായ ഹബ്ബ്‌ ഉയർന്നത്‌. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. കാടും പടലും കയറിക്കിടന്ന ചതുപ്പ്‌ ഭൂമിയൊരുക്കി 72 ദിവസത്തിനുള്ളിലാണ്‌ 35 ബസുകൾ പാർക്ക്‌ ചെയ്യാവുന്ന വിധം മഴവിൽ മാതൃകയിലുള്ള ഷെൽട്ടറും അനുബന്ധ സൗകര്യങ്ങളും നിർമിച്ച്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

 

 

കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമിയിലാണ് ഹബ്ബ് ഉയർന്നത്. എന്നാൽ ഇത് വിട്ടുനൽകില്ല എന്നതായിരുന്നു പ്രധാന തടസം. എന്നാൽ ഗതാഗതവകുപ്പ്‌, തദ്ദേശഭരണവകുപ്പ്‌, കൃഷിവകുപ്പ്‌ മന്ത്രിമാരുടെ സബ്‌ കമ്മിറ്റി ചേർന്ന്‌ മണിക്കൂറുകൾക്കുള്ളിൽ വി എസ്‌ ഇടപെട്ട്‌ പ്രശ്‌നത്തിന്‌ പരിഹാരം കണ്ടു. കൃഷിവകുപ്പിന്‌ പകരം സ്ഥലം ജിസിഡിഎ വിട്ടുനൽകി. അതിന്‌ പകരമായി ജിസിഡിഎക്ക്‌ ഹബ്ബിൽ ഓഹരി പങ്കാളിത്തവും അനുവദിച്ചതോടെ പ്രധാന കടമ്പ കടന്നു. ജിസിഡിഎ 15 കോടി രൂപയും അനുവദിച്ചു. ആ വർഷത്തെ ബജറ്റിൽ അഞ്ചുകോടി രൂപ നീക്കിവയ്‌ക്കുകയും ചെയ്‌തു. തുടർന്ന്‌ നാഗാർജുന കൺസ്‌ട്രക്ഷൻസിന്‌ നിർമാണക്കരാർ നൽകി പ്രവൃത്തികൾ ആരംഭിച്ചു. 2011 ഫെബ്രുവരി 27നായിരുന്നു ഹബ്ബിന്റെ ഉദ്‌ഘാടനം. ഹബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ വി എസ്‌ അച്യുതാനന്ദൻ ഓൺലൈനായി പങ്കെടുത്താണ്‌ ഉദ്‌ഘാടനം നിർവഹിച്ചത്‌.

Advertisements

 

കൊച്ചി മെട്രോ യാഥാർഥ്യമാക്കാൻ വി എസ്‌ സർക്കാർ നടത്തിയ പരിശ്രമങ്ങൾ എടുത്തുപറയേണ്ടതാണ്. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പദ്ധതി പ്രവർത്തനം തുടങ്ങരുതെന്ന ലക്ഷ്യത്തോടെ, രണ്ടാം യുപിഎ സർക്കാർ മെട്രോയ്‌ക്ക്‌ അനുമതി വൈകിപ്പിച്ചു. ഈ ഘട്ടത്തിൽ മെട്രോ വരുന്നതിനു മുന്നോടിയായ അനുബന്ധ വികസനപദ്ധതികൾ ആവിഷ്‌കരിച്ചതും നിർമാണച്ചുമതല ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ഏൽപ്പിച്ചതും എൽഡിഎഫ്‌ സർക്കാരാണ്‌. നോർത്ത്‌ സമാന്തര മേൽപ്പാലം, എ എൽ ജേക്കബ് പാലം, നഗരത്തിലെ വിവിധ റോഡുകളുടെ നവീകരിച്ചുള്ള വികസനം എന്നിവ അങ്ങനെയാണ്‌ യാഥാർഥ്യമായത്‌. വി എസിന്റെ ഉറച്ച സ്വരവും തീരുമാനങ്ങളിൽ നിന്നും വ്യതിചലിക്കാതെ സ്വഭാവവും കേരളത്തിന്റെ വികസനത്തിന് നൽകിയ സംഭാവനകളിൽ ചിലത് മാത്രമാണ് ഇവ.

Share news