KOYILANDY DIARY.COM

The Perfect News Portal

വിനോദസഞ്ചാര പാക്കേജുകളിൽ ലോകനാർകാവിനെ ഉൾപ്പെടുത്തും; മന്ത്രി പി എ മുഹമ്മദ് റിയാസ്

വടകര: സംസ്ഥാന സർക്കാരിൻറെ വിവിധ വിനോദസഞ്ചാര പാക്കേജുകളിൽ ലോകനാർകാവിനെ ഉൾപ്പെടുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകനാർകാവിൽ തീർഥാടന ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിലൂടെ ലോകനാർകാവ് വിനോദസഞ്ചാര മേഖലയിൽ ചിരപ്രതിഷ്ഠ നേടും.
പയംകുറ്റി മലയും തച്ചോളി മാണിക്കോത്ത് ക്ഷേത്രവും വികസിപ്പിക്കും. പിഡബ്ല്യുഡി വിശ്രമ മന്ദിരങ്ങളിൽ ഓൺലൈൻ ബുക്കിങ് ആരംഭിച്ചതോടെ 10 കോടി രൂപയിലധികം അധിക വരുമാനമുണ്ടാക്കാൻ കഴിഞ്ഞെന്നും റിയാസ്‌ പറഞ്ഞു. സംസ്ഥാന സർക്കാർ 4.5 കോടി രൂപ ചെലവഴിച്ച് തീർഥാടന ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അതിഥി മന്ദിരവും കളരിത്തറയും യുഎൽസിസിഎസാണ് പൂർത്തിയാക്കിയത്. കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി, കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ വി റീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം ലീന, കെ ലോഹ്യ തുടങ്ങിയവർ സംസാരിച്ചു.  യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരിക്കുവേണ്ടി ഡയറക്ടർ പത്മനാഭൻ ഉപഹാരം ഏറ്റുവാങ്ങി. ജോൺ വി ജോൺ, കെ കെ വിജീഷ്, സിനീഷ്, നിഖിൽ രാജീവൻ എന്നിവരെയും മന്ത്രി ആദരിച്ചു. സാംസ്കാരിക ഘോഷയാത്ര, കളരി പ്രദർശനം, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവയും അരങ്ങേറി. പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുല സ്വാഗതവും ഡോ. ടി നിഖിൽദാസ് നന്ദിയും പറഞ്ഞു.

 

Share news