KOYILANDY DIARY

The Perfect News Portal

കള്ളുചെത്ത് മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് ടോഡി ബോർഡ് യാഥാർത്ഥ്യമാക്കി

തിരുവനന്തപുരം: കള്ളുചെത്ത് മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് ടോഡി ബോർഡ് യാഥാർത്ഥ്യമാക്കി. ടോഡി ബോർഡ് യാഥാർത്ഥ്യമാക്കിയതിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നിറവേറ്റിയതായി എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കള്ളുചെത്ത് മേഖലയിലെ ദീർഘകാലമായുള്ള ആവശ്യമാണ് സർക്കാർ നിറവേറ്റിയിരിക്കുന്നത്. കള്ള്ചെത്ത്. മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് സർക്കാർ കേരള കള്ള് വ്യവസായ വികസന ബോർഡ് രൂപീകരിച്ചത്.

കേരള കള്ള് വ്യവസായ വികസന ബോർഡ് ആക്ട് നൽകിയിട്ടുള്ള അധികാരങ്ങൾ ബോർഡിന് വിനിയോഗിക്കാനാവും. കള്ള് ചെത്തു മേഖലയിലെ കാലാനുസൃതമായ പരിഷ്കാരം, സുതാര്യത ഉറപ്പാക്കൽ, നടപടി ക്രമങ്ങളിൽ കുടുങ്ങാതെ എളുപ്പത്തിലുള്ള കാര്യനിർവ്വഹണം, കള്ളുമായി ബന്ധപ്പെട്ട നയരൂപീകരണം, തൊഴിലാളി ക്ഷേമം തുടങ്ങി നിരവധി വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ ബോർഡിനു കഴിയുമെന്നും മന്ത്രി പറഞ്ഞു.

 

യുപി ജോസഫാണ് കേരള കള്ള് വ്യവസായ വികസന ബോർഡിന്റെ പ്രഥമ അധ്യക്ഷൻ. നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി, എക്സൈസ് കമീഷണർ, ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി, കാർഷിക സർവകലാശാല ഗവേഷണ വിഭാഗം ഡയറക്ടർ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ്), കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരും ബോർഡിൽ അംഗങ്ങളാണ്. അംഗീകൃത തൊഴിലാളി യൂണിയൻ പ്രതിനിധികളായി മാമ്പറ്റ ശ്രീധരൻ, ഡി പി മധു, തൊടിയൂർ രാമചന്ദ്രൻ എന്നിവരും ഷാപ്പ് ലൈസൻസി അസോസിയേഷൻ പ്രതിനിധികളായി പി അജയകുമാർ, കിഷോർ കുമാർ എന്നിവരും കേര കർഷകരുടെ പ്രതിനിധികളായി എം സി പവിത്രൻ, എ പ്രദീപൻ എന്നിവരും ബോർഡിൽ അംഗങ്ങളാണ്.

Advertisements