KOYILANDY DIARY

The Perfect News Portal

കടമെടുപ്പിൽ കേരളം ഉന്നയിക്കുന്ന വിഷയങ്ങൾ പരിഗണിക്കണമെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്; മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കടമെടുപ്പിൽ കേരളം ഉന്നയിക്കുന്ന വിഷയങ്ങൾ പരിഗണിക്കണമെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം ഉന്നയിക്കുന്ന വിഷയം ന്യായമാണെന്ന് വീണ്ടും അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. സുപ്രീംകോടതിയിലെ കേസ്‌ പിൻവലിച്ചാലേ അർഹതപ്പെട്ട തുക നൽകൂവെന്ന്‌ കേന്ദ്രം നിലപാടെടുത്തു. എന്നാൽ, തുക അനുവദിക്കാനാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

കണക്കുകളുടെ കാര്യത്തിൽ ചില തർക്കങ്ങളുണ്ടായിരുന്നു. കോടതി പറഞ്ഞതിനെത്തുടർന്ന്  കഴിഞ്ഞ ദിവസം ചർച്ച നടന്നപ്പോഴും ഒന്നും തരാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇക്കാര്യം കേരളം ചൂണ്ടിക്കാട്ടി. ‘കൊടുക്കില്ല’ എന്ന സമീപനത്തിനുപകരം ഒന്നുകൂടി പരിഗണിക്കണമെന്ന്‌ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ബുധനാഴ്ച നിലപാട് അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.

കേരളത്തിന് നികുതിവിഹിതമായി കിട്ടിക്കൊണ്ടിരുന്നത് നേർപകുതിയായി. അർഹമായത് അനുവദിച്ചിരുന്നെങ്കിൽ 42,000 കോടി കിട്ടുമായിരുന്നു. കേന്ദ്രം സംസ്ഥാനത്തോട് കാട്ടുന്ന അവഗണനയാണ് അടിസ്ഥാന പ്രശ്നം. പ്രധാനമന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ച 18 ലക്ഷം കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളിൽ ഒരു സംസ്ഥാനത്തിനുമാത്രം 10 ലക്ഷം കോടിയുടേതുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Advertisements

നികുതിവിഹിതം മാത്രമാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് പങ്കുവയ്‌ക്കുന്നത്. സെസും സർചാർജും കൈമാറുന്നില്ല. കേന്ദ്രത്തിന്റെ വരുമാനത്തിന്റെ 28 ശതമാനവും സെസും സർചാർജുമാണ്. ഇതൊന്നും കേരളത്തിലെ പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാവിനും മനസ്സിലാകുന്നില്ല. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി നൽകിയിരുന്ന 30,000 കോടി രൂപയുടെ ഗ്രാന്റുകൾ ഇക്കൊല്ലം 11,000 കോടിയായി കുറഞ്ഞെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.