KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്തിൻറെ സമഗ്ര നഗരനയം ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്തിൻറെ സമഗ്ര നഗരനയം ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന്‌ മന്ത്രി എം ബി രാജേഷ്. അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളം, 2030 ആകുമ്പോഴേക്കും ഒറ്റനഗരമായി മാറുമെന്നാണ് വിലയിരുത്തൽ. ഈ വെല്ലുവിളി നേരിടാനാണ് സംസ്ഥാനം അർബൻ കമ്മീഷൻ രൂപീകരിക്കാൻ നേരത്തെ തീരുമാനിച്ചത്.

അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെട്ടതായിരിക്കും കമീഷനെന്നും കേരളീയം സെമിനാറുകൾ അവലോകനം ചെയ്തുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. അടുത്തവർഷം കേരള ടൂറിസം മാസ്റ്റർപ്ലാൻ രൂപീകരിക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അറിയിച്ചു. ഭിന്നശേഷി വിഭാഗം, വയോജനങ്ങൾ എന്നിവരുടെ ക്ഷേമം കൂടി മുൻനിർത്തി സന്തോഷ സൂചിക വർധിപ്പിക്കാനാണ് സർക്കാർ ശ്രമമെന്ന് സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു പറഞ്ഞു.

 

മുതിർന്ന പൗരൻമാരുടെ കഴിവുകൾ സമൂഹത്തിന് പ്രയോജനപ്പെടുത്താൻ സ്‌കിൽ ബാങ്ക് രൂപീകരിക്കൽ, വയോജന കമീഷൻ രൂപീകരിക്കൽ, വയോജനസർവേ എന്നിവയും ഏറ്റെടുത്ത്‌ നടത്തുമെന്ന് മന്ത്രി പറഞ്ഞു. അനേകവർഷം പ്രവാസജീവിതം നയിച്ച്‌ നാട്ടിൽ തിരിച്ചെത്തുന്നവർക്ക് അനുയോജ്യമായ പുനരധിവാസ പാക്കേജ് വേണമെന്ന നിർദേശം പ്രവാസികളെക്കുറിച്ചുള്ള സെമിനാറിൽ ഉയർന്നതായി മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

Advertisements

 

സംസ്ഥാനത്തെ കുടിവെള്ള വിതരണ പദ്ധതികൾ മികച്ച രീതിയിൽ ലക്ഷ്യത്തിലേക്കു മുന്നേറുന്നതിനെ ജലവിഭവം സംബന്ധിച്ച സെമിനാറിൽ അഭിനന്ദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആസൂത്രണ ബോർഡ് അംഗങ്ങളായ കെ രവിരാമൻ, സന്തോഷ് ജോർജ് കുളങ്ങര, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി വി സുഭാഷ് തുടങ്ങിയവരും പങ്കെടുത്തു.