KOYILANDY DIARY.COM

The Perfect News Portal

വയനാട് തുരങ്കപാതയുമായി സംസ്ഥാനത്തിന് മുന്നോട്ട് പോകാം; പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീം കോടതി തള്ളി

.

എൽഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപാത നിർമാണവുമായി സംസ്ഥാനത്തിന് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. നിർമാണ പ്രവർത്തങ്ങൾ നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജിയിൽ സ്റ്റേയില്ല. തുരങ്കപാത സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് അനിവാര്യമായ ജീവരേഖയാണെന്ന് കോടതി നിരീക്ഷിച്ചു.

 

ശാസ്ത്രീയ പഠനങ്ങളുടെയും വിദഗ്ധ സമിതി റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ ഹർജി സുപ്രീം കോടതി തള്ളിയത്. പാരിസ്ഥിതിക അനുമതിയില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ സാങ്കേതിക കാര്യങ്ങളിൽ വിദഗ്ധരുടെ അഭിപ്രായമാണ് കണക്കിലെടുക്കേണ്ടതെന്ന് വ്യക്തമാക്കിയ കോടതി പാരിസ്ഥിതിക പ്രശ്നങ്ങളില്ലാതെയാണ് തുരങ്കപാത നിർമ്മിക്കുന്നതെന്ന് കേന്ദ്ര സർക്കാർ ഉൾപ്പെടെയുള്ള വിദഗ്സമിതിയൂടെ റിപ്പോർട്ട് വിശ്വാസത്തിലെടുക്കാമെന്ന് വ്യക്തമാക്കി.

Advertisements

 

ഈ വിഷയത്തിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതിയും ശരിവെച്ചതോടെ പദ്ധതിയുമായി സംസ്ഥാന സർക്കാരിന് മുമ്പോട്ട് പോകാം. ഹര്‍ജിക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു. കൂടാതെ ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണ് തുരങ്കപാത, ഇടപെടുന്നത് പദ്ധതി വൈകിപ്പിക്കാന്‍ മാത്രമേ കാരണമാകൂവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

 

ജനങ്ങള്‍ക്ക്ആശ്വാസമാകുന്നതാണ് തുരങ്കപാതയെന്നും വന്യജീവികളെ തുരങ്കപാത ബാധിക്കില്ലെന്നും നിരീക്ഷിച്ചാണ് കോടതി ഹർജി തള്ളിയത്. അപകട സാധ്യതയുള്ള ഇടത്താണ് തുരങ്കപാത നിര്‍മ്മാണമെന്ന ഹർജിക്കാരുടെ വാദം എന്‍ജിനീയര്‍മാര്‍ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ജനസാന്ദ്രതയേറിയ കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടുകളും ഗതാഗതക്കുരുക്കും കണക്കിലെടുക്കുമ്പോൾ ഇത്തരം പദ്ധതികൾ അനിവാര്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി.

 

Share news