സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം നഗരസഭയ്ക്ക് വിട്ടുകിട്ടാനായി 23ന് വീണ്ടും യോഗം ചേരുന്നു
കൊയിലാണ്ടി: സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം നഗരസഭയ്ക്ക് വിട്ടുകിട്ടാനായി 23ന് വീണ്ടും യോഗം ചേരുന്നതായി നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ. കഴിഞ്ഞ 25 വർഷക്കാലമായി പാട്ടക്കരാർ വ്യവസ്ഥയിൽ സ്പോർട്സ് കൗൺസിലിൻ്റെ അധീനതയിലായിരുന്നു മൈതാനം. കരാർ കാലാവധി പൂർത്തിയാക്കിയ മൈതാനം കൊയിലാണ്ടിയുടെ കായിക സാംസ്കാരിക വളർച്ചക്ക് ഉപയോഗപ്രദമാകുന്ന തരത്തിൽ നഗരസഭക്ക് വിട്ടു കിട്ടണമെന്ന് ആഗ്രഹിക്കുന്നതായും അതിനായി നഗരസഭ കൌൺസിൽ പ്രമേയം പാസാക്കിയതായും ചെയ്ർപേഴ്സൺ അറിയിച്ചു.

ഈ വിഷയം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും ആയതു സംബന്ധമായ മറ്റു കാര്യങ്ങൾ ആലോചിക്കാനുംവേണ്ടി ജനുവരി 23ന് വൈകുന്നേരം 4.30ന് കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് വിപുലമായ കൺവെൻഷൻ ചേരുകയാണ്. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കൺവെൻഷനിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും കലാകായിക രംഗത്തെ പ്രഗൽഭരും പങ്കെടുക്കുന്നു. വിവിധ സംഘടനയുടെ പ്രതിനിധികൾ എന്നിവർ കൺവെൻഷനിൽ പങ്കെടുക്കണമെന്ന് കെ.പി സുധ അഭ്യർത്ഥിച്ചു.

മുൻകാലങ്ങളിൽ കൊയിലാണ്ടി ഹൈസ്കൂൾ മൈതാനി എന്നറിയപ്പെട്ട കൊയിലാണ്ടി സ്റ്റേഡിയം, സ്വാതന്ത്ര്യ സമരകാലം മുതൽ കൊയിലാണ്ടിയുടെ കായികവും സാംസ്കാരികവുമായ വളർച്ചക്ക് സാക്ഷ്യം വഹിച്ചതാണ്. ഈ ചരിത്ര പ്രാധാന്യമുള്ള മൈതാനം ഏറ്റെടുക്കണമെന്നത് പൊതുസമൂഹത്തിൻ്റെ ആവശ്യമായി ഉയർന്ന സാഹചര്യത്തിൽ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയോടെ ഇതിനായി പ്രവർത്തക്കാമെന്നും ചെയർപേഴ്സൺ അറിയിച്ചു.
