പന്നികളുടെ സ്രവം പരിശോധനക്കയച്ചു

കോഴിക്കോട്: പന്നികളുടെ സ്രവം പരിശോധനക്കയച്ചു. നിപാ രോഗം ബാധിച്ച് രണ്ടുപേർ മരിച്ച ആയഞ്ചേരി, മരുതോങ്കര പഞ്ചായത്തുകളിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. സ്വകാര്യ വ്യക്തി വളർത്തുന്ന എട്ട് പന്നികളുടെ സ്രവം ശേഖരിച്ച് ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡീസിസിൽ പരിശോധനക്കയച്ചു. നിപാ വൈറസ് പന്നികളുടെ ശരീരത്തിൽ എത്തിയാൽ പെറ്റുപെരുകും. ഈ സാധ്യത മുന്നിൽക്കണ്ടാണ് പരിശോധന.

അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിൽനിന്ന് ഡോക്ടർമാരടങ്ങുന്ന സംഘമാണ് മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്. ജാനകിക്കാട്ടിൽ കണ്ട രണ്ട് കാട്ടുപന്നികളുടെ ജഡം ചീഞ്ഞളിഞ്ഞതിനാൽ സ്രവ പരിശോധന നടത്താനായില്ല. വ്യാഴാഴ്‌ച നാലാംകണ്ടിയിൽ കണ്ടെത്തിയ പന്നിയുടെ ജഡത്തിന് ഒരുമാസത്തെ പഴക്കമുണ്ട്.

ശരീരം അഴുകിയതിനാൽ സ്രവം എടുക്കാനായില്ല. ബുധനാഴ്‌ച മരുതോങ്കരയ്‌ക്കടുത്ത് കണ്ടെത്തിയ പന്നിയുടെ ജഡവും ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ ജെ ജോയി, എപ്പിഡമിയോളജിസ്‌റ്റ് ബിജില ഭാസ്‌കർ, ഡോ. അരുൺ സുബ്രഹ്മണ്യൻ, ഡോ. വിദ്യാലക്ഷ്‌മി എന്നിവർ പരിശോധനക്ക് നേതൃത്വംനൽകി.
