KOYILANDY DIARY.COM

The Perfect News Portal

എടിഎമ്മുകളിൽ നിറയ്ക്കാനായി കൊണ്ടുവന്ന പണം കവർച്ച ചെയ്ത സംഭവം; മുഴുവൻ പണവും കണ്ടെത്താൻ പൊലീസ്

കൊയിലാണ്ടി: എടിഎമ്മുകളിൽ നിറയ്ക്കാനായി കൊണ്ടുവന്ന പണം കവർച്ച ചെയ്ത സംഭവത്തിൽ മുഴുവൻ പണവും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇതിനായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ കിട്ടാൻ പ്രത്യേക അന്വേഷകസംഘം കോടതിയെ സമീപിക്കും. എടിഎമ്മിൽ നിറയ്‌ക്കുന്നതിന് 72.40 ലക്ഷം രൂപയാണ് സുഹൈലിന്റെ പക്കലുണ്ടായിരുന്നതെന്ന് പയ്യോളി സ്വദേശിയായ ഫ്രാഞ്ചൈസിയും ഇന്ത്യാ വൺ എടിഎമ്മിന്റെ മാനേജരും പൊലീസിനെ അറിയിച്ചിരുന്നു.
ഇതിൽ 37 ലക്ഷം രൂപ പ്രതികളിലൊരാളായ തിക്കോടി ആവിക്കൽ ഉമ്മർ വളപ്പിൽ മുഹമ്മദ് താഹ (27) താൽക്കാലികമായി ജോലിചെയ്ത കെട്ടിടത്തിലെ മൂന്നാം നിലയിലെ മച്ചിൽനിന്ന്‌ കണ്ടെടുത്തിരുന്നു. കവർച്ച ചെയ്ത പണമെല്ലാം കൈകാര്യം ചെയ്തത് താഹയാണ്‌. തിക്കോടിയിലെ  ബാങ്കിൽ പണയംവെച്ച സ്വർണം തിരിച്ചെടുക്കുന്നതിനായി അഞ്ചുലക്ഷം രൂപ നൽകിയെന്ന്‌ ഇയാൾ മൊഴിനൽകിയിരുന്നു. ഇവരെ കസ്റ്റഡിയിൽ കിട്ടിയതിനുശേഷമേ ഈ തുക തിരിച്ചെടുക്കാൻ കഴിയൂ. ഇയാൾ പലർക്കും ഈ തുകയിൽനിന്ന്‌ പണം നൽകിയിട്ടുണ്ടെന്നാണ്‌ പൊലീസ് നിഗമനം. ബാങ്കിൽ അടച്ചതിനുപുറമെ അഞ്ചുലക്ഷം രൂപ മറ്റൊരാൾക്ക്‌ കൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്. 
പരാതിക്കാരനും പ്രധാന സൂത്രധാരനുമായ ആവിക്കൽ റോഡ് സുഹാന മൻസിൽ സുഹൈൽ (25), കൂട്ടുപ്രതിയും വിദ്യാർത്ഥിയുമായ തിക്കോടി പുതിയവളപ്പിൽ മുഹമ്മദ് യാസർ (21)  എന്നിവരും താഹയും റിമാൻഡിലാണ്‌. ഇവരെ  കസ്റ്റഡിയിൽ തിരിച്ചുകിട്ടിയാലേ ബാക്കി പണത്തിന്റെ ഉറവിടം കണ്ടെത്താനാവൂ. രണ്ടുകോടി രൂപവരെ എടിഎമ്മിൽ നിറയ്ക്കാനായി കമ്പനി ഫ്രാഞ്ചൈസിക്ക് നൽകാറുണ്ട്‌. സുരക്ഷാ സംവിധാനമൊന്നും ഒരുക്കാതെയാണ് എടിഎമ്മുകളിൽ പണം നിറയ്ക്കാനായി ജീവനക്കാരെ അയക്കാറ്.
മിക്കവാറും ടൂവീലറിലാണ്‌ തുകയുമായി സഞ്ചരിക്കാറെന്നും സുഹൈൽ പൊലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. സിഐ ശ്രീലാൽ ചന്ദ്രശേഖർ, സബ് ഇൻസ്പെക്ടർമാരായ കെ എസ് ജിതേഷ്, കെ പി ഗിരീഷ്, പി മനോജ് കുമാർ, മനോജ് കുമാർ രാമത്ത്, എഎസ്ഐമാരായ വി സി ബിനീഷ് , ഷാജി, സിവിൽ പൊലീസ് ഓഫീസർമാരായ ഷോബിത്ത്, വിജു വാണിയംകുളം, സതീഷ് എന്നിവരാണ്‌ അന്വേഷക സംഘത്തിലുള്ളത്.

 

Share news