വടകര ദേശീയപാത അഴിയൂർ വെങ്ങളം റീച്ചിൽ സംരക്ഷണഭിത്തി തകർന്നു

വടകര ദേശീയപാത അഴിയൂർ വെങ്ങളം റീച്ചിൽ പുതുപ്പണം അരവിന്ദ് ഘോഷ് റോഡിന് സമീപം സംരക്ഷണഭിത്തി തകർന്നു. സർവീസ് റോഡിനോട് ചേർന്ന ഭാഗത്ത് സോയിൽ നെയിലിങ് ചെയ്‌ത ഭിത്തിയാണ് തകർന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. സംരക്ഷണഭിത്തിയോട് ചേർന്നുനിൽക്കുന്ന കിഴക്കേ വെന്തുരുത്തിയിൽ ബാബുവിന്റെ വീട് അപകട ഭീഷണിയിലായി. സോയിൽ നെയിലിങ് പ്രവൃത്തി നടത്തിയ ഭാഗം കഴിഞ്ഞ വർഷം തകർന്നിരുന്നു.

തുടർന്ന് കല്ലും കമ്പികളും മറ്റും ഉപയോഗിച്ച് താല്‍ക്കാലിക സംരക്ഷണഭിത്തി നിർമിച്ചു. ഈ ഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്. ബാബുവിന്റെ വീടിന്റെ മുറ്റത്തോട് ചേർന്നുനിൽക്കുന്ന ഭാഗംവരെ മണ്ണ് ഇടിഞ്ഞിട്ടുണ്ട്. മഴ തുടരുന്നതിനാൽ കൂടുതൽ ഭാഗം ഇടിഞ്ഞ് വീഴുമോയെന്നും ആശങ്കയുണ്ട്. ബാബുവും ഭാര്യയും വിദ്യാർത്ഥിയായ മകളും അടങ്ങുന്ന കുടുംബം ഭയത്തോടെയാണ് കഴിയുന്നത്. റോഡിൽ മണ്ണിടിച്ചിലുണ്ടായ സമയത്ത് വാഹനങ്ങളില്ലാത്തതിനാൽ അപകടം ഒഴിവായി.

അഴിയൂർ വെങ്ങളം റീച്ചിലെ പാലോളിപ്പാലം മുതൽ മൂരാടുവരെയുള്ള 2.1 കിലോമീറ്റർ റോഡും മൂരാട്, പാലോളിപ്പാലം എന്നിവിടങ്ങളിലെ പാലങ്ങളുടെ നിർമാണവും പ്രത്യേക ടെൻഡറായി നൽകിയതിനാൽ ഹരിയാനയിലെ ഇ-ഫൈവ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് പൂർത്തിയാക്കിയത്. മൂരാട് പാലത്തിനോട് ചേർന്ന ഭാഗങ്ങൾ കഴിഞ്ഞ കാലവർഷത്തിൽ തകർന്നെങ്കിലും പുനര്‍നിർമിച്ചിട്ടില്ല.

