തീരക്കടലിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് വിഴിഞ്ഞത്ത് തുടക്കം

കേരളത്തിന്റെ തീരക്കടലിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനുള്ള വിത്ത് നിക്ഷേപിക്കൽ പദ്ധതിക്ക് തുടക്കം. വിഴിഞ്ഞം നോർത്ത് ഹാർബറിലാണ് കൃത്രിമപ്പാരിൽ മത്സ്യവിത്ത് നിക്ഷേപിച്ചത്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെയും തീരത്ത് കൃത്രിമപ്പാര് സ്ഥാപിക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നീക്കം.

കേരളത്തിന്റെ തീരക്കടലിൽ സുസ്ഥിര മത്സ്യബന്ധനവും മെച്ചപ്പെട്ട ജീവനോപാധിയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് കൃത്രിമപ്പാരുകൾ സ്ഥാപിച്ച് മത്സ്യവിത്ത് നിക്ഷേപിക്കുന്നത്. സിൽവർ പൊമ്പാനോ ഇനത്തിൽപെട്ട 22,000 മത്സ്യകുഞ്ഞുങ്ങളെ തിരുവനന്തപുരം വിഴിഞ്ഞത്തെ തീർക്കടലിൽ നിക്ഷേപിച്ചു. പദ്ധതി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനാണ് ഉദ്ഘാടനം ചെയ്തത്.

കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിക പ്രശ്‌നങ്ങളും മാലിന്യവും കാരണം മത്സ്യസമ്പത്ത് വലിയ തോതിൽ കുറഞ്ഞ കാലമാണിതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യ ലഭ്യത വർധിപ്പിക്കാൻ മത്സ്യവിത്ത് നിക്ഷേപിക്കൽ പദ്ധതിയിലൂടെ സാധിക്കും. എല്ലാ തീരദേശ ജില്ലകളിലും കൃത്രിമപ്പാരുകൾ സ്ഥാപിക്കുന്നതിനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായി തിരുവനന്തപുരം ജില്ലയിലെ തീരക്കടലിൽ 42 സ്ഥലങ്ങളിലായി 6,300 കൃത്രിമപ്പാരുകൾ നിക്ഷേപിച്ചു. അധികം വൈകാതെ മറ്റ് ജില്ലകളിലേക്കും സീ റാഞ്ചിങ് പദ്ധതി വ്യാപിപ്പിക്കും.

