KOYILANDY DIARY

The Perfect News Portal

ക്വാറി – ക്രഷർ ഉൽപ്പന്നങ്ങളുടെ വില കൂടും നിർമാണമേഖല നിശ്‌ചലമായേക്കും

കോഴിക്കോട്‌: ക്വാറി–ക്രഷർ ഉൽപ്പന്നങ്ങളുടെ വിലവർധനയിൽ ഇഴയുന്ന നിർമാണ മേഖല 17 മുതൽ ക്വാറി–ക്രഷർ ഉടമകളുടെ അനിശ്‌ചിതകാല സമരത്തോടെ നിശ്‌ചലമാവും. ക്രഷർ, ക്വാറി ഉൽപ്പന്നങ്ങൾക്ക് ഏപ്രിൽ മുതൽ സംസ്ഥാനത്തുടനീളം വിലവർധിപ്പിച്ചിരുന്നു. ഇതോടെ  നിർമാണപ്രവർത്തനങ്ങൾ നിലച്ച മട്ടായി. സമരം ആരംഭിക്കുന്നതോടെ നിർമാണമേഖല പാടെ സ്‌തംഭിക്കുമെന്ന ഭീതിയിലാണ്‌ തൊഴിലാളികളും കരാറുകാരും. കരിങ്കൽ ഉൽപ്പന്നങ്ങൾക്ക്‌ അടിക്ക്‌ പത്തുരൂപയോളമാണ്‌ വർധിപ്പിച്ചത്‌. ഇതേ തുടർന്ന്‌ ഒരുലോഡ്‌ കല്ലിന്‌ ആയിരം രൂപയോളമാണ്‌ വർധിച്ചത്‌. മെറ്റൽ, എം സാൻഡ്‌, പി സാൻഡ്‌ തുടങ്ങിയവക്കും സമാന രീതിയിൽ വിലകൂടി.
 ജില്ലയിൽ ലൈഫ്‌ ഭവനപദ്ധതിയടക്കമുള്ള നിർമാണ പ്രവൃത്തിയെ വിലക്കയറ്റവും പണിമുടക്കും പ്രതികൂലമായി ബാധിക്കും.  വീടിന്റെ തറകെട്ടുന്നതിനായി പലർക്കും കരിങ്കല്ല്‌ കിട്ടാത്ത സ്ഥിതിയാണ്‌. റോഡ്‌, പാലം, കെട്ടിടങ്ങളടക്കമുള്ള വികസന പ്രവർത്തനങ്ങളെയും കരിങ്കൽ ക്ഷാമം പ്രതിസന്ധിയിലാക്കും.  സമരം ആരംഭിക്കുന്നതോടെ നിർമാണ–-അനുബന്ധമേഖലകളിലെ പതിനായിരക്കണക്കിനുപേരുടെ തൊഴിൽ നഷ്ടമാകും. ചുമട്ടുതൊഴിലാളികൾ, മോട്ടോർ തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ തുടങ്ങി ആയിരങ്ങളുടെ ഉപജീവനവും പ്രതിസന്ധിയിലാകും.
Advertisements
ജില്ലയിൽ പല ക്വാറികളിലും പലരീതിയിലാണ്‌ വില ഈടാക്കുന്നത്‌. 2300 രൂപ മുതൽ 2900 രൂപ വരെ കരിങ്കല്ലിന്‌ ഈടാക്കുന്നുണ്ട്‌.  ബോളർ, മെറ്റൽ, എം സാൻഡ്, പി സാൻഡ് എന്നിവയ്‌ക്ക്‌ ഒറ്റയടിക്കാണ് ക്രഷറിയിൽ വില വർധിച്ചത്.  മെറ്റൽ ഒരടിക്ക് 22 രൂപയിൽനിന്ന് ഇരുപത്തൊൻപതായും എം സാൻഡ്‌ 33ൽ നിന്ന് നാൽപതായും പി സാൻഡ് 37ൽ നിന്ന് നാൽപ്പത്തിയഞ്ചായുമാണ്‌  വർധിപ്പിച്ചത്. എന്നാൽ മുക്കത്ത് മെറ്റലിന് 37 രൂപയും എം സാൻഡിന് 45 രൂപയും പി സാൻഡിന് 53 രൂപയുമാണ് ഈടാക്കുന്നത്. ബോളർ 150 ഘന അടിക്ക്‌ കയറ്റ്‌–-കടത്തു കൂലിയുൾപ്പടെ പണിസ്ഥലത്ത്‌ എത്തണമെങ്കിൽ 5250 രൂപ നൽകണം. നേരത്തെ ഇത്‌ 4750 രൂപയായിരുന്നു. ക്വാറി വേസ്റ്റിനും വില വർധിച്ചു.  3900 രൂപയുള്ളത് 4900 ആയി. അതേസമയം, എട്ടുവർഷത്തിനുശേഷമാണ്‌ സർക്കാർ റോയൽറ്റി നാമമാത്രമായി  വർധിപ്പിച്ചത്‌. എന്നാൽ എട്ടുവർഷത്തിനിടെ എട്ടുതവണ കരിങ്കൽ ഉൽപ്പന്നങ്ങൾക്ക്‌ വിലവർധിച്ചു.
ജില്ലയിൽ നാൽപ്പതോളം ക്വാറികളുണ്ടെങ്കിലും പലയിടങ്ങളിലും പെർമിറ്റില്ലാതെയാണ്‌ പൊട്ടിക്കുന്നത്‌. സമരം ആരംഭിക്കുന്നതോടെ കരിഞ്ചന്തയും വ്യാപകമാവും. പലഭാഗങ്ങളിലും പെർമിറ്റ്‌ ഇല്ലാതെയുള്ള വിൽപ്പനയും വ്യാപകമാണ്‌. ഇവിടങ്ങളിൽനിന്ന്‌ കരിഞ്ചന്തക്ക്‌ വാങ്ങേണ്ട അവസ്ഥയാവുമെന്ന്‌ ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) ജില്ലാ ജനറൽ സെക്രട്ടറി പരാണ്ടി മനോജ്‌  പറഞ്ഞു. പലതവണ വില  വർധിപ്പിച്ചപ്പോഴും ഈ മേഖലയിൽ കൂലി ഒരുരൂപപോലും വർധിപ്പിച്ചിട്ടില്ല. ശാസ്ത്രീയ പഠനം നടത്തി പാസ്‌ നൽകി  ജില്ലാ അടിസ്ഥാനത്തിൽ നിരക്ക്‌ ഏകീകരിക്കണമെന്നാണ്‌ ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ ആവശ്യം.