നിപ വ്യാജ സൃഷ്ടിയെന്ന് ഫേസ് ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു

കൊയിലാണ്ടി: നിപ വ്യാജ സൃഷ്ടിയെന്ന് ഫേസ് ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട കൊയിലാണ്ടി പെരുവട്ടൂർ സ്വദേശി ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കേരള പോലീസ് ആക്ട് 118 E പ്രകാരം IPC 505 (1) വകുപ്പ് പ്രകാരം പോലീസ് കേസെടുത്ത്.

നിപ്പ രോഗത്തെ പ്രതിരോധിക്കുന്നതിൽ കൂട്ടായ പ്രവർത്തനം നടത്തുന്ന ആരോഗ്യ പ്രവർത്തകരെയും മറ്റ് സർക്കാർ ഏജൻസികളെയും നിരുത്സാഹപ്പെടുത്തുകയും മനോവീര്യം കെടുത്തുകയും ചെയ്യുന്ന ഇത്തരം പോസ്റ്റുകൾ പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നുമാണ് പോസ്റ്റിനെതിരെ ഉയർന്ന പരാതി. സംഭവം വിവാദമായ ഉടനെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും ഇതിനകം നിരവധി പേർ പോസ്റ്റ് കണ്ടിരുന്നതായാണ് അറിയുന്നത്. കൊയിലാണ്ടിയിലെ പത്രവിതരണക്കാരനും അമൃതാനന്ദമയി മഠത്തിലെ സഹായിയുമാണ് അനിൽകുമാർ.


നിപ്പയുമായി ബന്ധപ്പെട്ട് വ്യാജ പോസ്റ്റുകൾ ഇറക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നതിനിടെയാണ് അനിൽകുമാർ ഇത്തരമൊരു പോസ്റ്റിട്ടിരിക്കുന്നത്. ഇത്തരം പോസ്റ്റുകളുമായി രംഗത്തുവരുന്നവരെ കർശനമായി നേരിടാൻ കോഴിക്കോട് റൂറൽ എസ് പി കറുപ്പ് സാമി നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് വരും ദിവസങ്ങളിൽ സൈബർ പെട്രോളിംഗ് ഉൾപ്പെടെ നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി സി.ഐ എം. വി. ബിജു പറഞ്ഞു.

