KOYILANDY DIARY

The Perfect News Portal

ഒമ്പതാം ക്ലാസുകാരിയെ മയക്കു മരുന്നു കാരിയറായി ഉപയോഗിച്ച സംഭവത്തിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: ഒമ്പതാം ക്ലാസുകാരിയെ മയക്കു മരുന്നു കാരിയറായി ഉപയോഗിച്ച സംഭവത്തിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. അയൽവാസിയാണ് കുട്ടിക്ക് ലഹരി നല്‍കിയതെന്നും ഇയാൾ ഒരു ഉത്തരേന്ത്യൻ സ്വദേശിയുടെ കൈവശമാണ് ലഹരി കൊടുത്ത് വിടുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. 25 പേർ അടങ്ങുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റമെന്ന് പൊലീസ് പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ ബാഗുകളിൽ താൻ ലഹരി എത്തിച്ചെന്നും ശരീരത്തിൽ പ്രത്യേക രീതിയിലുളള ചിത്രങ്ങൾ വരച്ചായിരുന്നു ലഹരി കടത്തിയതെന്നും കുട്ടി പറഞ്ഞു.

സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. മയക്കു മരുന്നു ഉപയോഗിക്കൻ കൈയിലുണ്ടാക്കിയ മുറിവിൽ സംശയം തോന്നി വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിനിയുടെ മയക്കു മരുന്നു ഉപയോഗം കണ്ടെത്തിയത്. എം.ഡി.എം.എ യാണ് ഇടപാടുകാർ കുട്ടിക്ക് നൽകിയിരുന്നത്.

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇടപാടുകാർ ആദ്യം സൗജന്യമായി മയക്കുമരുന്ന് നൽകിയെന്നും പിന്നീട് മയക്കുമരുന്ന് കാരിയറാകാൻ കഴിയുമോ എന്ന് ചോദിച്ചെന്നും സ്കൂളിൽ നിന്ന് പഠിച്ചു പോയിട്ടുള്ളവരാണ് ഇതിന് പിന്നിലെന്നും വിദ്യാർത്ഥിനി പറഞ്ഞു. ബാംഗ്ലൂരിൽ പിതാവിനൊപ്പം എത്തിയപ്പോഴും അവിടെ നിന്നും ഇടപാടുകാർ മുഖേനെ മറ്റൊരാളെ പരിചയപ്പെട്ടതായും രണ്ടു ഗ്രാമോളം മയക്കുമരുന്ന് കൊണ്ടു വന്നിരുന്നതായും പെൺകുട്ടി പറഞ്ഞു. സ്കൂളിൽ നിരവധി വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണർ കെ. സുദര്‍ശനൻ അറിയിച്ചു.

Advertisements