KOYILANDY DIARY

The Perfect News Portal

ചാരിറ്റി പ്രവർത്തനത്തിൻ്റെ മറവിൽ പണം പിരിച്ച തട്ടിപ്പ് സംഘത്തെ പോലീസ് പിടികൂടി

ചാരിറ്റി പ്രവർത്തനത്തിൻ്റെ മറവിൽ തട്ടിപ്പ്. കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ ഫണ്ട് സമാഹരണത്തിനിടെ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കൈയ്യിൽ നിന്ന് വ്യാജ ഐഡൻ്റിറ്റി കാർഡും പിടിച്ചെടുത്തിട്ടുണ്ട്. കാർഡിലെ ഫോട്ടോയ്ക്ക് മുകളിൽ മറ്റു ഫോട്ടോകൾ ഒട്ടിച്ച് വെച്ച നിരവധി കാർഡുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന തൃശൂർ സ്വദേശിയായ ഷിജു എന്ന ആളുടെ പേരിൽ കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ ധനസമാഹരണം നടത്തുന്നതിനിടെയാണ് ഇവർ കുരുക്കിലാകുന്നത്. രണ്ട് ഗായകരും 3 വളണ്ടിയർമാരും ഉൾപ്പെടുന്ന തൃശ്ശൂർ ആതിരപ്പള്ളിയിലുള്ള സംഘത്തെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത്. KL 64 G 6416 എന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരുന്നുണ്ട്.

ഈ ചാരിറ്റി സംഘത്തെ പലയിടങ്ങളിലായി കണ്ടെത്തിയ ഒരു യുവതിയാണ് വിവരം നാട്ടുകാരെ അറിയിക്കുന്നത്. അവർ രോഗിയായ ഷിജുവിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലക്ഷങ്ങൾ പലയിടത്ത് നിന്ന് പിരിച്ചെടുത്തിട്ട് ഇക്കാലംവരെയായി 5000 രൂപ മാത്രമാണ് എനിക്ക് തന്നതെന്നും ഷിജു പറഞ്ഞതായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതി കൊയിലാണ്ടി ഡയറിയോട് പറഞ്ഞു. സ്റ്റേഷനിലെത്തി പരാതി എഴുതി കൊടുക്കുമെന്നും യുവതി പറഞ്ഞു.

Advertisements

രാവിലെ കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിലെത്തിലെത്തിയ ഗായകസംഘം നിർദ്ധനനും അസുഖബാധിതനുമായ യുവാവിൻ്റെ ജീവൻ രക്ഷിക്കാൻ ലക്ഷങ്ങളുടെ ചിതിത്സാ ചിലവാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന വിവരം സ്റ്റാൻ്റിലെ യാത്രക്കാരോട് മൈക്ക്കെട്ടി അറിയിക്കുകയും ഗാനമേള നടത്തുന്നതിനിടിയിൽ ബക്കറ്റ് കലക്ഷൻ നടത്തുകയുമായിരുന്നു. ഇതിനിടയിലാണ് സ്റ്റാൻ്റിലെ ചില പൊതു പ്രവർത്തകർ പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.