വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചു: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് പുറത്ത്
260 പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് പുറത്ത്. ജൂൺ 12നുണ്ടായ അപകടത്തിന് ഒരു മാസം തികയവെയാണ് സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ട് പ്രകാരം വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചതാണ് അപകടകാരണം.

എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പൈലറ്റുമാരുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വിമാനത്തിലെ കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ നിന്ന് പൈലറ്റുമാരുടെ സംഭാഷണങ്ങൾ പ്രകാരം ഇന്ധനത്തിന്റെ സ്വിച്ച് ഓഫ് ചെയ്തതെന്ന് എന്തിനെന്ന് ചോദിക്കുന്നത് കേൾക്കാം. അങ്ങനെ ചെയ്തിട്ടില്ലെന്ന് സഹ പൈലറ്റ് മറുപടിയും ഉണ്ട്.

വിമാനം പറത്തിയത് സഹപൈലറ്റ് ക്ലൈവ് കുന്ദറാണ്. പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫാണെന്ന് കണ്ടതിനു പിന്നാലെ അത് ഓണാക്കുകയും ചെയ്തു. എന്നാൽ ഒരു എഞ്ചിൻ ഭാഗികമായി പ്രവർത്തനക്ഷമമായെങ്കിലും രണ്ടാമത്തെ എഞ്ചിൻ പ്രവർത്തിച്ചില്ല.

വിമാനം 32 സെക്കൻഡ് മാത്രമാണ് ആകാശത്ത് പറന്നതെന്നും. പരിശോധനയിൽ വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ലെന്നും കണ്ടെത്തി. കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദുരന്തത്തിൽ വിശദമായ അന്വേഷണം ആവശ്യമെന്ന് റിപ്പോർട്ട് പറയുന്നു.




