KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കൗൺസിൽ യോഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു

കൊയിലാണ്ടി: നഗരസഭയുടെ 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടന്ന കൗൺസിൽ യോഗത്തിൽ നിന്നും യു.ഡി.എഫ്, ബിജെപി കൗൺസിലർമാർ ഇറങ്ങിപ്പോയി. 2023 മാർച്ച് 7 ന് ഓഡിറ്റ് റിപ്പോർട്ട് നഗരസഭയിൽ ലഭിച്ചിട്ടും ഓഡിറ്റ് ചട്ടപ്രകാരം ഒരു മാസത്തിനകം പ്രത്യേക കൗൺസിൽ വിളിച്ച് ഓഡിറ്റ് പരാമർശങ്ങൾ ചർച്ച ചെയ്തില്ലെന്നാരോപിച്ചാണ് പ്രതിപക്ഷ കൗൺസിലർമാർ ഇറങ്ങിപ്പോയത്. എന്നാൽ 8 മാസത്തിനുശേഷമാണ് യോഗം വിളിച്ചു ചേർത്തതെന്നും കൌൺസിലർമാർ പറഞ്ഞു.
യോഗത്തിൽ ഓഡിറ്റ് ചർച്ച തുടങ്ങിയത് മുതൽ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻമാരെ രക്ഷിക്കാനുള്ള മറുപടികളാണ് ലഭിച്ചതെന്നും ഇത് ചോദ്യം ചെയ്ത് കൊണ്ടാണ് യു.ഡി.എഫ് കൗൺസിലർമാർ ബഹളംവെച്ചതും ഇറങ്ങിപ്പോയതും. മാലിന്യ സംസ്കരണം, കുടിവെള്ളം, വാട്ടർ എ.ടി.എം, നികുതി പിരിവ്, ലൈസൻസ് അനുവദിക്കൽ, കണ്ടിജൻ്റ് ജീവനക്കാരുടെ യൂണിഫോം വാങ്ങൽ, മറ്റ് സുരക്ഷാ ഉപകരണങ്ങൾ വാങ്ങൽ, കുടിവെള്ള വിതരണത്തിനായുള്ള ടെണ്ടർ നടപടികൾ എന്നിവയിലാണ് പ്രതിപക്ഷ ആരോപണം ഉന്നയിച്ചത്.
Advertisements
പ്രതിഷേധ സമരം പി. രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. വി.പി. ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായി. മനോജ് പയറ്റുവളപ്പിൽ, കെ.എം. നജീബ്, രജീഷ് വെങ്ങളത്തുകണ്ടി, എ അസീസ്, പി. ജമാൽ, ഫാസിൽ നടേരി, വി.വി. ഫക്രുദ്ധീൻ, വത്സരാജ് കേളോത്ത്, അരീക്കൽ ഷീബ, കെ.എം സുമതി, കെ.ടി.വി. റഹ്മത്ത്, ജിഷ പുതിയേടത്ത്, ദൃശ്യ, ശൈലജ എന്നിവർ സംസാരിച്ചു.
ബി ജെ പി കൗൺസിലർമാരും യോഗം ബഹിഷ്ക്കരിച്ചു.
അഴിമതി ആരോപിച്ച് ബി ജെ പി കൗൺസിലർമാരും കൗൺസിൽ യോഗം ബഹിഷ്ക്കരിച്ചു. ആവശ്യമില്ലാത്ത സാധന സാമഗ്രികൾ വാങ്ങിക്കൂട്ടി വിതരണക്കാർക്ക് വഴിവിട്ട രീതിയിൽ സഹായം ചെയ്തതിലൂടെ വലിയ സാമ്പത്തിക നഷ്ടവും അഴിമതിയുമാണ് ഉണ്ടായിരിക്കുന്നത് ഇവർ ആരോപിച്ചു. ഇക്കാര്യത്തിൽ സത്യസന്ധവും സമഗ്രവുമായ അന്വേഷണം പ്രഖ്യാപിച്ചേ മതിയാവൂ. അല്ലാത്തപക്ഷം വരും ദിവസങ്ങളിലും ബി.ജെ.പിയുടെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കൗൺസിലർമാരായ കെ.കെ. വൈശാഖ്, വി.കെ. സുധാകരൻ, സിന്ധു സുരേഷ് എന്നിവർ പറഞ്ഞു.