KOYILANDY DIARY.COM

The Perfect News Portal

ആകാശത്ത് അത്ഭുത കാഴ്ച ഒരുക്കി മൂൺ ഹാലോ പ്രതിഭാസം

ആകാശത്ത് അത്ഭുത കാഴ്ച ഒരുക്കി മൂൺ ഹാലോ പ്രതിഭാസം. മഴവില്ലുണ്ടാകുന്നതിന് സമാനമായി രാത്രിയിൽ നടക്കുന്ന പ്രതിഭാസമാണിത്. ചന്ദ്രനിൽ നിന്നുള്ള പ്രകാശം അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളിൽ തട്ടി പ്രതിഫലിക്കുന്നതാണ് കാരണം. ചന്ദ്രന് ചുറ്റും നല്ല വലിപ്പത്തിലൊരു വലയവും അതിന് അൽപം അകലെയായി വളരെ നേർത്ത് രീതിയിൽ മഴവിൽ നിറങ്ങളും കാണാവുന്ന തരത്തിലാണ് ഹാലോ പ്രതിഭാസമുണ്ടായത്.

അന്തരീക്ഷത്തിൽ ഏകദേശം പതിനെട്ടായിരം അടി ഉയരത്തിലുണ്ടാകുന്ന സിറസ്, സിറോസ്ട്രാറ്റസ് മേഘങ്ങളാണ് ഈ പ്രതിഭാസത്തിന് കാരണം. തിരുവനന്തപുരം നഗരത്തിലടക്കം കേരളത്തിലെ തെക്കൻ ഭാഗങ്ങളിൽ വളരെ വ്യക്തമായി ഈ പ്രതിഭാസം ദൃശ്യമായി. മൂൺ ഹാലോയിൽ രണ്ടു വളയങ്ങളായാണുണ്ടാകുക. ആദ്യത്തെ വളയം ചന്ദ്രനിൽ നിന്ന് 22 ഡിഗ്രി ചെരിഞ്ഞും രണ്ടാമത്തേത് 44 ഡിഗ്രി ചെരിഞ്ഞുമാണ് കാണപ്പെടുക. മൂൺ ഹാലോകൾ ഏറ്റവുമധികം ദൃശ്യമാകുക ശൈത്യമേഖലകളിലാണ്.

 

പതിവിൽനിന്ന് വ്യത്യസ്തമായി കൂടുതൽ തിളക്കമുള്ള ചന്ദ്രനെയാണ് ഇന്ന് കാണാനായത്. മഴവില്ല് ഉണ്ടാകുന്നതുപോലെ ഈ പ്രകാശത്തിനും അപവർത്തനം സംഭവിക്കുന്നതിനാൽ മൂൺ ഹാലോയ്ക്കും നിറമുണ്ടെങ്കിലും ന​ഗ്ന നേത്രങ്ങൾ കൊണ്ടിത് കാണാൻ കഴിയില്ല. മൂൺ ഹാലോക്ക് സമാനമായ പ്രതിഭാസം സൂര്യപ്രകാശത്തിലും രൂപപ്പെടാറുണ്ട്. സൺഡോഗ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.

Advertisements
Share news