KOYILANDY DIARY.COM

The Perfect News Portal

തൊഴിലുറപ്പ്‌ പദ്ധതിക്കായി മോദി സർക്കാർ അനുവദിച്ചത് 25 തൊഴിൽ ദിനങ്ങൾക്കുള്ള തുകമാത്രം

ന്യൂഡൽഹി: ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിക്കായി മോദി സർക്കാർ ഇടക്കാല ബജറ്റിൽ അനുവദിച്ചത്‌ 25 തൊഴിൽ ദിനങ്ങൾക്കുള്ള തുകമാത്രം. 100 തൊഴിൽ ദിനങ്ങളാണ്‌ സർക്കാർ ഉറപ്പുവരുത്തേണ്ടത്‌. ചുരുങ്ങിയത്‌ രണ്ടു ലക്ഷം കോടി രൂപയെങ്കിലും അനുവദിക്കേണ്ടയിടത്ത്‌ 86,000 കോടി മാത്രമാണ്‌ പ്രഖ്യാപിച്ചത്‌. ഇതിൽ 32,000 കോടി നടപ്പുവർഷത്തെ പദ്ധതി ചെലവുകൾക്കായി നീക്കിവയ്ക്കേണ്ടിവരും. ചുരുക്കത്തിൽ 2024–-25 വർഷത്തെ തൊഴിലുറപ്പ്‌ പദ്ധതിക്കായി 54,000 കോടി രൂപ മാത്രമാണ്‌ ലഭ്യമാകുക. ഈ തുക കൊണ്ട്‌ പരമാവധി 25 തൊഴിൽദിനം നൽകാം.

നടപ്പുവർഷത്തെ തൊഴിലുറപ്പ്‌ പദ്ധതി ചെലവ്‌ 99,514 കോടിയാണെന്ന്‌ ബജറ്റിലുണ്ട്. നിലവിൽ 11,000 കോടി രൂപ വേതന ഇനത്തിൽ കുടിശ്ശികയുണ്ട്‌. നടപ്പു സാമ്പത്തികവർഷം രണ്ടു മാസംകൂടി ശേഷിക്കെ കുടിശ്ശിക 32,000 കോടിവരെയാകാം. ഇതിനുള്ള പണം 2024–-25ലേക്ക്‌ അനുവദിച്ച 86,000 കോടിയിൽനിന്നാകും കണ്ടെത്തുക. കഴിഞ്ഞ ബജറ്റിൽ തൊഴിലുറപ്പ്‌ പദ്ധതിക്കായി അനുവദിച്ചത്‌ 60,000 കോടി രൂപ മാത്രമായിരുന്നു. ഡിസംബറിൽ ഉപധനാഭ്യർഥനയിലൂടെ 14,524 കോടി രൂപ കൂടി അനുവദിച്ചു. 

Share news