KOYILANDY DIARY.COM

The Perfect News Portal

ബേലൂർ മഖ്നയെ മയക്കുവെടി വെയ്ക്കാനുളള ദൗത്യം ഇന്നും തുടരും

വയനാട്ടിലെ ആളെക്കൊല്ലി മോഴയാന ബേലൂർ മഖ്നയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ആന തിരുനെല്ലി പഞ്ചായത്തിലെ മണ്ണുണ്ടി പ്രദേശത്ത് തന്നെ വനമേഖലയിൽ തുടരുന്നതായാണ് വനം വകുപ്പിന് ലഭിച്ച വിവരം. ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം പുലർച്ചെ വനത്തിലേക്ക് തിരിച്ചിട്ടുണ്ട്.

200 അംഗ ദൗത്യ സംഘമാണ് ഇന്നലെ ആനയെ പിന്തുടർന്നത്. രണ്ടു തവണ ആനയുടെ അടുത്ത് വനം വകുപ്പ് സംഘം എത്തിയിരുന്നു. ഒരുതവണ മയക്കുവെടി വെച്ചെങ്കിലും ശ്രമം വിജയിച്ചില്ല. മുള്ള് പടർന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നത്. കുങ്കിയാനകളുടെ സാന്നിധ്യം മനസിലാക്കിയ കൊലയാളി ആന അകന്നുപോകുകയാണ്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഇന്നലെ രാത്രി 65 ഓളം ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമ്പ്ചെയ്തിരുന്നു.

 

വന്യമൃഗ ശല്യം തുടർച്ചയായ പശ്ചാത്തലത്തിൽ ഇന്ന് വയനാട്ടിലെ ഏതാനും കർഷക സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഫാർമേഴ്സ് റിലീഫ് ഫോറം ഉൾപ്പെടെയുള്ള സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കർഷക കോൺഗ്രസും പിന്തുണ നൽകിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ബേലൂർ മഖ്ന മാനന്തവാടി ചാലിഗദ്ദയിൽ പനച്ചിയിൽ അജീഷിനെ അയൽവീടിന്റെ മുറ്റത്ത് ചവിട്ടികൊന്നത്. കർണാടക പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചുവിട്ട ആന ജനവാസ കേന്ദ്രത്തിലെത്തി അക്രമം നടത്തുകയായിരുന്നു.

Advertisements
Share news