വികസനത്തിൻ്റെ കേരള മാതൃക പഠിക്കാൻ മേഘാലയ സംഘമെത്തി

കൊയിലാണ്ടി: വികസനത്തിൻ്റെ കേരള മാതൃകകൾ പഠന വിധേയമാക്കാൻ മേഘാലയൻ പ്രതിനിധികൾ എത്തി. മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ ഘടക സ്ഥാപനങ്ങളായ അംഗൻവാടി, കുടുംബാരോഗ്യ കേന്ദ്രം, പുറക്കൽ പാറക്കാട് ഗവ. എൽ.പി.സ്കൂൾ, കൃഷിഭവൻ എന്നിവിടങ്ങൾ സന്ദർശിച്ചു. അംഗൻവാടികളുടെ ഭൗതിക സാഹചര്യങ്ങൾ ആധുനികവൽകരിക്കുന്നതിൽ ഗ്രാമപഞ്ചായത്ത് വഹിക്കുന്ന പങ്ക് പോഷകാഹാര വിതരണം, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കു നൽകുന്ന സേവനങ്ങൾ എന്നിവ മനസിലാക്കുകയും തങ്ങളുടെ നാട്ടിൽ പ്രാവർത്തികമാക്കാൻ പരിശ്രമിക്കുമെന്നും അറിയിച്ചു.

കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനങ്ങൾ ഡിജിറ്റൽ പ്ളാറ്റ്ഫോമിൽ പ്രദർശിപ്പിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ. രഞ്ജിമ മോഹൻ, ഡോ. അനസ് എന്നിവർ വിശദീകരിച്ചു. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച മികവ് ടീം അംഗങ്ങളെ അത്ഭുതപ്പെടുത്തി. നവജാത ശിശു മരണ നിരക്ക് 0 ആണെന്ന വിവരം കൈയ്യടിയോടെയാണ് മേഘാലയൻ ടീം സ്വീകരിച്ചത്. പർച്ച വ്യാധികളെ പ്രതിരോധിക്കാനുള്ള ജനകീയാരോഗ്യ ശൃംഖല രൂപപ്പെടുത്താനുള്ള പരിശ്രമം നടത്തുമെന്ന് ടീം അംഗങ്ങൾ അഭിപ്രായപ്പെട്ടു.

ജനകീയ ഫണ്ടും സർക്കാർ ഫണ്ടും സംയോജിപ്പിച്ച് മികവിൻ്റ കേന്ദ്രമായി മാറിയ പുറക്കൽ പാറക്കാട് ജി.എൽ.പി.സ്കൂൾ ടീം അംഗങ്ങൾ സർന്ദർശിച്ചു. വൈവിധ്യങ്ങളായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പി.ടി.എ. പ്രസിഡണ്ടും അധ്യാപകരും വിശദീകരിച്ചു. അഖിലേന്ത്യാ മത്സര പരീക്ഷകളിൽ മലയാളികൾ മുന്നേറാനിടയാക്കിയ സാഹചര്യം ടീമിന് ബോധ്യമായി. കാർഷിക മേഖലയുടെ ജീവസുറ്റ മുന്നേറ്റം കൃഷിഭവൻ സന്ദർശത്തിൽ കാണാനിടയാക്കി.

വിള ആരോഗ്യ കേന്ദ്രം പോലുള്ള നൂതനാശയങ്ങൾ സ്വന്തം നാട്ടിലും യാഥാർത്ഥ്യമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്നും പ്രതിനിധിസംഘം പറയുകയുണ്ടായി. സാമൂദായിക സൗഹാർദവും മതനിരപേക്ഷ സമൂഹമായി നിലനിൽക്കാൻ കഴിയുന്നതും മലയാളിയെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നുവെന്ന് അനുഭവസാക്ഷ്യം പങ്കുവെക്കാൻ മേഘലയൻ സംഘം തയാറായി. കേരളം ശരിക്കും ദൈവത്തിൻ്റെ സ്വന്തം നാടാണെന്ന് മേഘാലയൻ സംഘം സാക്ഷ്യപ്പെടുത്തുകയാണ്.
