എൽഡിഎഫ് സർക്കാർ എല്ലാ ചികിത്സാരീതികളെയും ഒരുപോലെ അംഗീകരിക്കുന്നു; എം വി ഗോവിന്ദൻ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ എല്ലാ ചികിത്സാരീതികളെയും ഒരുപോലെ അംഗീകരിക്കുന്ന നിലപാടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ ‘പൊളിറ്റിക്കൽ ലീഡർഷിപ് സോളിഡാരിറ്റി’ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള നിയമസഭ എല്ലാ ചികിത്സാരീതികളെയും തുല്യമായി കാണുകയും അംഗീകരിക്കുകയും ചെയ്യുന്ന നിയമ നിർമ്മാണം നടത്തിയിട്ടുണ്ട്. ആയുർവേദവും അലോപ്പതിയും തമ്മിൽ മുമ്പ് ഏറ്റുമുട്ടൽ നടന്നിരുന്നു. ഇപ്പോൾ കുറഞ്ഞു. ആയുർവേദത്തിന് എതിരായ പ്രചാരം കുറേക്കാലമായി നടക്കുന്നുവെന്നത് വാസ്തവമാണ്. ലോകം അംഗീകരിക്കുന്ന ശാസ്ത്രമായി ഇപ്പോൾ ആയുർവേദം മാറിക്കഴിഞ്ഞു.

ആയുർവേദത്തിന്റെ ശാസ്ത്രീയ അടിത്തറ തെളിയിക്കുന്ന കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. ആയുർവേദത്തെ ശാസ്ത്രീയമായി നവീകരിക്കുന്ന വെല്ലുവിളി ഭിഷഗ്വരന്മാരും പഠിതാക്കളും പങ്കാളികളും ഉൾപ്പെടുന്ന സമൂഹം ഏറ്റെടുക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ബിനോയ് വിശ്വം എം പി, ബിജെപി നേതാവ് ജോർജ് കുര്യൻ, എഎംഎഐ സെക്രട്ടറി കെ സി അജിത് കുമാർ, ഡോ. ഇട്ടുകുഴി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.

