KOYILANDY DIARY.COM

The Perfect News Portal

തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയില്‍ ഊര്‍ജ്ജിത പരിശോധനക്കൊരുങ്ങി തൊഴില്‍ വകുപ്പ്

തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയില്‍ ഊര്‍ജ്ജിത പരിശോധനക്കൊരുങ്ങി തൊഴില്‍ വകുപ്പ്. ഇതിനായി വകുപ്പ് പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങള്‍, അംഗന്‍വാടികള്‍, കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ പരിശോധനയുടെ പ്രധാന പരിഗണനകളായിരിക്കുമെന്ന് ഇത് സംബന്ധിച്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ ലേബര്‍ കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

ലയങ്ങളുടെ സുരക്ഷിതാവസ്ഥയും കുറ്റമറ്റ ശുചീകരണ സംവിധാനങ്ങളും ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന നല്‍കുമെന്നും കമ്മിഷണര്‍ അറിയിച്ചു. തോട്ടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്നും കൂടുതല്‍ തൊഴിലാളികളെ നേരില്‍ കണ്ട് മിനിമം വേതനം, ലയങ്ങള്‍, അര്‍ഹമായ അവധികള്‍ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങി നിയമപരമായ എല്ലാ തൊഴില്‍ അവകാശങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

 

തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന പക്ഷം വിശദാംശങ്ങള്‍ തൊഴിലുടമകളെ വ്യക്തമായി ധരിപ്പിച്ച് അടിയന്തിര പ്രശ്‌ന പരിഹാരം ഉറപ്പാക്കേണ്ടതും വീഴ്ച ഉണ്ടായാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. ഇത് സംബന്ധിച്ച പ്രതിമാസ റിപ്പോര്‍ട്ട് അഞ്ചാം തിയതിക്കകം ക്രോഡീകരിച്ച് പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്പെക്ടര്‍ ലേബര്‍ കമ്മിഷണര്‍ക്ക് നല്‍കുകയും പരിശോധന പൂര്‍ത്തിയായി 72 മണിക്കൂറിനുള്ളില്‍ ലേബര്‍ കമ്മിഷണറേറ്റ് ഓട്ടോമേഷന്‍ സിസ്റ്റത്തില്‍ പരിശോധനാ റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്യുകയും വേണം.

Advertisements

 

മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ലയങ്ങള്‍ നേരിട്ട് പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ മാനേജ്‌മെന്റ് മുഖേന നടപടി സ്വീകരിക്കണം. ശുചീകരണ സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം. പരിശോധനയില്‍ കണ്ടെത്തുന്ന തൊഴില്‍ നിയമലംഘനങ്ങള്‍, ആയത് പരിഹരിക്കുന്നതിനുള്ള സമയപരിധി, സ്വീകരിക്കേണ്ട നടപടികള്‍, തുടര്‍ നോട്ടീസുകളുണ്ടാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത,രേഖകള്‍ ഹാജരാക്കുന്നതിനുള്ള തീയതിതുടങ്ങിയ എല്ലാ കാര്യങ്ങളും മാനേജ്മെന്റ് പ്രതിനിധികളെ വ്യക്തമായി ധരിപ്പിക്കേണ്ടതും ഹിയറിംഗ് തീയതി മുന്‍കൂട്ടി അറിയിച്ച് ഹിയറിംഗ് നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പാക്കേണ്ടതുമാണ്.

Share news