പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാപ്പാട് കടൽതീരം ശുചീകരിച്ചു
കൊയിലാണ്ടി: ചേമഞ്ചേരി അന്താരാഷ്ട സമുദ്രതീര ശുചീകരണ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാപ്പാട് കടൽതീരം ശുചീകരിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംപി. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു.

സമുദ്രസംരക്ഷണത്തിൻ്റെ മഹത്വം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടി എല്ലാ വർഷവും സെപ്തംബർ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ച അന്താരാഷ്ട സമുദ്രതീര ശുചീകരണമായി ആചരിക്കുകയാണ്. ടൂറിസം പ്രമോഷൻ കൗൺസിൽ മാനേജർ ഗിരീഷ്, എൻ എസ് എസ് ലീഡർ മീനാക്ഷി അനിൽ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ആഷിദ. പി, ജിതേഷ് എംവി, അഡ്വ. ബിനേഷ് ബാബു, കെ.പി അരവിന്ദാക്ഷൻ, സുനിൽ മുതിരക്കാലയിൽ എന്നിവർ സംസാരിച്ചു.

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് വിദ്യാർത്ഥികളും ഡി.ടി.പി.സി തൊഴിലാളികളുമടക്കം നിരവധിപേർ ശുചീകര യജ്ഞത്തിൽ പങ്കെടുത്തു. ശുചീകരണത്തിന് ശേഷം ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തീരത്ത് മനുഷ്യ ചങ്ങല തീർത്തു.
