KOYILANDY DIARY

The Perfect News Portal

ഗാസയിൽ കൂടുതൽ ഉൾപ്രദേശങ്ങളിൽ കയറി ആക്രമണം നടത്തി ഇസ്രയേൽ സൈന്യം

ഗാസയിൽ കൂടുതൽ ഉൾപ്രദേശങ്ങളിൽ കയറി ആക്രമണം നടത്തി ഇസ്രയേൽ സൈന്യം. ടാങ്കുകൾ ഉൾപ്പെടെ സന്നാഹവുമായാണ്‌ സൈനികർ കടന്നുകയറിയിരിക്കുന്നത്‌. വിവിധയിടങ്ങളിൽ വെടിവയ്പുമുണ്ടായി. വെടിയേറ്റ്‌ നിരവധി പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ട്‌. അതേസമയം, വ്യോമാക്രമണം പതിനായിരക്കണക്കിന്‌ ആളുകൾ അഭയം തേടിയിരിക്കുന്ന ആശുപത്രികൾക്ക്‌ വളരെയടുത്തുതന്നെ എത്തിയെന്നും വൻ ദുരന്തമുണ്ടാകുന്നത്‌ ഒഴിവാക്കണമെന്നും ഐക്യരാഷ്ട്ര സംഘടന അഭ്യർത്ഥിച്ചു. 600 കേന്ദ്രത്തിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.

അതേസമയം, ഗാസ അതിർത്തിയിൽ കൂടുതൽ ടാങ്കുകളും സൈനികരും തമ്പടിച്ചിട്ടുണ്ട്‌. സെയ്‌തൂൺ ജില്ലയിലേക്ക്‌ നിരവധി ടാങ്കുകൾ കടന്നുകയറി. വടക്കൻ ഗാസയിൽനിന്ന്‌ തെക്കോട്ടേയ്‌ക്കുള്ള പ്രധാന പാത സൈന്യം മറച്ചതായാണ്‌ റിപ്പോർട്ട്‌. ഇതുവഴി ആരെയും പോകാൻ അനുവദിക്കുന്നില്ല. ഇതോടെ ആക്രമണം രൂക്ഷമായ മേഖലയിൽനിന്ന്‌ രക്ഷപ്പെടാനുള്ള മാർഗവും പ്രദേശവാസികൾക്ക്‌ നഷ്ടമായി. ഇതുവഴി പോകാനെത്തിയ കാർ തടഞ്ഞ്‌ സൈനികർ തിരികെ അയക്കുന്നതും തിരികെ പോയ കാറിനെ ടാങ്ക്‌ ആക്രമണത്തിലൂടെ തകർക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. കാറിലുണ്ടായിരുന്ന മൂന്നുപേരും കൊല്ലപ്പെട്ടു.

 

സഹായമെത്തി
ഈജിപ്തിൽനിന്ന്‌ റാഫ അതിർത്തിവഴി 33 ട്രക്ക്‌ അവശ്യവസ്തുക്കൾ തെക്കൻ ഗാസയിൽ എത്തി. ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയശേഷം ഒറ്റദിവസം ഇത്രയധികം ട്രക്കുകൾ എത്തുന്നത്‌ ആദ്യമാണ്‌. എന്നാൽ, ഭക്ഷണവും മരുന്നും ഇന്ധനവുമില്ലാതെ ദുരിതത്തിലായ ഗാസ നിവാസികൾക്ക്‌ ഇതിന്റെ പലമടങ്ങ്‌ സഹായം ആവശ്യമാണെന്ന്‌ യുഎൻ വ്യക്തമാക്കി. ഏതാനും ദിവസം മുമ്പ്‌ ഇസ്രയേൽ ഇവിടേക്കുള്ള രണ്ട്‌ കുടിവെള്ള പൈപ്പ്‌ലൈനുകൾ തുറന്നിരുന്നു.

Advertisements

 

ആശുപത്രികളും 
ഭീഷണിയിൽ
വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിലേക്ക്‌ നടത്തിയ ആക്രമണത്തിനുപുറമെ, പ്രദേശത്തെ 10 ആശുപത്രിക്ക്‌ ഇസ്രയേൽ സൈന്യം ഒഴിപ്പിക്കൽ നിർദേശം നൽകിയിരിക്കുകയാണ്‌. തീവ്രപരിചരണ വിഭാഗത്തിലുള്ളവരെ ഉൾപ്പെടെ ഒഴിപ്പിക്കുന്നത്‌ ഇവരുടെ മരണം ഉറപ്പാക്കുകയാകുമെന്ന്‌ ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി. രോഗികൾക്കു പുറമെ, 14,000 പേർ അൽ ഷിഫ ആശുപത്രിയിൽ അഭയം തേടിയിരിക്കുകയാണ്‌. മേഖലയിലെ ആശുപത്രികളിലാകെ 1.17 ലക്ഷം പേർ തങ്ങിയിരിക്കുന്നതായാണ്‌ കണക്ക്‌.

 

അവനുണ്ടായിരുന്നത്‌, 
ഒരു ദിവസം മാത്രം
ആശുപത്രികൾ, അഭയാർത്ഥി ക്യാമ്പുകൾ എന്ന വേർതിരിവില്ലാതെ ഇസ്രയേൽ നടത്തുന്ന വ്യാപക ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ട 8,382 പേരിൽ ഒരു ദിവസംമാത്രം പ്രായമായ കുഞ്ഞും. ഞായറാഴ്ചയുണ്ടായ വ്യോമാക്രമണത്തിലാണ്‌ ഉദ്ദയ്‌ അബു മൊഹ്‌സെൻ എന്ന കൈക്കുഞ്ഞ്‌ കൊല്ലപ്പെട്ടത്‌. കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിനുമുമ്പ്‌ കുടുംബത്തിന്‌ മരണസർട്ടിഫിക്കറ്റ്‌ ഏറ്റുവാങ്ങേണ്ടിവന്നു. ഗാസയിൽനിന്നുള്ള മാധ്യമപ്രവർത്തകനാണ്‌ വിവരം സമൂഹമാധ്യമത്തിൽ പങ്കിട്ടത്‌.

ഗാസയിൽ ഞായർവരെ 3324 കുട്ടികൾ കൊല്ലപ്പെട്ടതായാണ്‌ കണക്ക്‌. 2062 സ്ത്രീകളും 460 വയോധികരും കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയ വക്താവ്‌ അറിയിച്ചു. 23000 പേർക്ക്‌ പരിക്കേറ്റു. അന്താരാഷ്ട്ര മാധ്യമങ്ങളും വിവിധ സമൂഹമാധ്യമ പ്രയോക്താക്കളും ഗാസയിൽ നടക്കുന്ന കൂട്ടക്കുരുതിയുടെ ഭയാനകമായ ചിത്രം ലോകത്തിനുമുന്നിൽ വരച്ചുകാട്ടുന്നുണ്ട്‌. എന്നാൽ, ഇസ്രയേൽ ആക്രമണത്തിന്റെ നേർച്ചിത്രം നൽകുന്ന പല അക്കൗണ്ടുകൾക്കും എക്സ്‌ അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വിലക്ക്‌ ഏർപ്പെടുത്തിയിരിക്കുകയാണ്‌.

Advertisements

വെസ്‌റ്റ്‌ ബാങ്കിലും രക്ഷയില്ല, പലസ്തീൻകാരനെ ജൂത കുടിയേറ്റക്കാര്‍ വെടിവച്ച്‌ കൊന്നു
വെസ്റ്റ്‌ ബാങ്കിലെ നബ്‌ലസിൽ ജൂത കുടിയേറ്റക്കാർ പലസ്തീൻകാരനെ വെടിവച്ച്‌ കൊന്നു. ശനിയാഴ്ച സവിയ ഗ്രാമത്തിൽ അമ്മാവന്റെ തോട്ടത്തിൽ ഒലിവ്‌ ശേഖരിക്കുകയായിരുന്ന ബിലാൽ സലേയാണ്‌ കൊല്ലപ്പെട്ടത്‌. ഒരു കൂട്ടം ജൂത വിഭാഗക്കാർ ആക്രമിക്കുകയായിരുന്നു. ഇതോടെ, ഹമാസ്‌–- ഇസ്രയേൽ യുദ്ധം ആരംഭിച്ചതിനുശേഷം ജൂത വിഭാഗക്കാരാൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം ഏഴായി.

വെസ്റ്റ്‌ ബാങ്കിൽ ഇസ്രയേൽ സൈന്യവും പലസ്തീൻകാർക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്‌. തിങ്കളാഴ്ച ജെനിനിൽ ഇസ്രയേൽ സൈന്യത്തിൻറെ ആക്രമണത്തിൽ നാലു പലസ്തീൻകാർ കൊല്ലപ്പെട്ടു. യത്തയിലും ഇസ്രയേൽ വെടിവയ്പിൽ ഒരു പലസ്തീൻകാരൻ കൊല്ലപ്പട്ടു. ഇതോടെ, ഒക്ടോബർ ഏഴിനുശേഷം മേഖലയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 121 ആയി. വെസ്റ്റ്‌ ബാങ്കിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രയേൽ സൈന്യം 60 പലസ്തീൻകാരെ അറസ്റ്റും ചെയ്തു. വെസ്‌റ്റ്‌ ബാങ്ക്‌, ഈസ്‌റ്റ്‌ ജറുസലേം എന്നിവിടങ്ങളിൽനിന്നായി അറസ്‌റ്റ്‌ ചെയ്യപ്പെട്ടവരുടെ എണ്ണം 1680 ആയി. ഇതിൽ 17 മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു.

വീഡിയോ പുറത്തുവിട്ട്‌ ഹമാസ്‌
ഒക്ടോബർ ഏഴിന്‌ നടത്തിയ ആക്രമണത്തിൽ പിടികൂടി ബന്ദികളാക്കിയ ഇസ്രയേൽകാരുടെ വീഡിയോ പുറത്തുവിട്ട്‌ ഹമാസ്‌. മൂന്ന്‌ ബന്ദികളുടെ ദൃശ്യങ്ങളാണ്‌ പുറത്തുവിട്ടിരിക്കുന്നത്‌. ആക്രമണത്തിൽനിന്ന്‌ പൗരരെ സംരക്ഷിക്കുന്നതിൽ ഇസ്രയേൽ സർക്കാർ പരാജയപ്പെട്ടെന്ന്‌ ബന്ദിയായ സ്ത്രീ പറയുന്നതും വീഡിയോയിൽ കാണാം. ബന്ദികൾക്കു പകരം ഇസ്രയേൽ ജയിലുകളിലുള്ള പലസ്തീൻകാരെ വിട്ടയക്കണമെന്നാണ്‌ ആവശ്യം.എലീന ത്രുപനോവ്‌, ഡാനിയൽ അലോണി, റാമൺ കിർഷ്‌ത്‌ എന്നിവരാണ്‌ വീഡിയോയിൽ ഉള്ളതെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ്‌ സ്ഥിരീകരിച്ചു.അതിനിടെ, ഹമാസ്‌ ബന്ദിയാക്കിയ ഷാനി ലൂക്‌ (23) കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം പറഞ്ഞു.