രാജ്യാന്തര വനിതാ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

കൊച്ചി: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. 13 വരെയാണ് മേള. ശനിയാഴ്ച വൈകിട്ട് ആറിന് സവിത തിയറ്ററിൽ നടി ഉർവശി ഉദ്ഘാടനംചെയ്യും. സവിത, സംഗീത തിയറ്ററുകളിലാണ് മേള. 31 സിനിമകൾ പ്രദർശിപ്പിക്കും. 28-ാമത് ഐഎഫ്എഫ്കെയിൽ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ലോകസിനിമ വിഭാഗത്തിൽ 26 സിനിമകളുണ്ടാകും.

സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലഭിച്ച വനൂരി കഹിയുവിന്റെ ‘റഫീക്കി’, ഹോമേജ് വിഭാഗത്തിൽ കഴിഞ്ഞ വർഷം അന്തരിച്ച സുമിത്ര പെരിസിന്റെ ദ ട്രീ ഗോഡസ്, കഴിഞ്ഞ ഡോക്യുമെന്ററി- ഹ്രസ്വചിത്ര മേളയിൽ പുരസ്കാരങ്ങൾ നേടിയ മൂന്നു ചിത്രങ്ങൾ എന്നിവയുമുണ്ടാകും. ഉദ്ഘാടന ച്ചടങ്ങിൽ മേയർ എം അനിൽകുമാർ അധ്യക്ഷനാകും. ഫെസ്റ്റിവൽ ബുക്ക് ടി ജെ വിനോദ് എംഎൽഎ പ്രകാശിപ്പിക്കും. സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ദേവി വർമയെ ഉർവശി ആദരിക്കും.

‘ദ ഗ്രീൻ ബോർഡർ’
ഉദ്ഘാടനചിത്രം
രാജ്യാന്തര വനിതാ ചലച്ചിത്രമേളയിൽ ഉദ്ഘാടനചിത്രമായി ‘ദ ഗ്രീൻ ബോർഡർ’ പ്രദർശിപ്പിക്കും. 11, 12, 13 തീയതികളിൽ സവിത തിയറ്റർ പരിസരത്ത് ഓപ്പൺ ഫോറം, സംഗീതപരിപാടികൾ എന്നിവയും ഉണ്ടാകും. 11ന് ഭദ്ര റജിൻ മ്യൂസിക് ബാൻഡ്, 12ന് ഇന്ദുലേഖ വാര്യർ ഡിജെ, 13ന് വാട്ടർ ഡ്രംസ് ഡിജെ ഭദ്ര കാന്താരീസ് എന്നീ സംഗീത പരിപാടികൾ അരങ്ങേറും.

നാലുദിവസത്തെ മേളയിലെ സിനിമകൾ കാണാൻ ജിഎസ്ടി ഉൾപ്പെടെ പൊതുവിഭാഗത്തിന് 472 രൂപയും വിദ്യാർത്ഥികൾക്ക് 236 രൂപയുമാണ് ഡെലിഗേറ്റ് ഫീ. രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. സവിത തിയേറ്റർ പരിസരത്ത് ചലച്ചിത്ര സംവിധായിക സ്റ്റെഫി സേവ്യർ ഡെലിഗേറ്റ് സെൽ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവൽ ഓഫീസ് നടി അന്ന ബെൻ ഉദ്ഘാടനം ചെയ്തു. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡെലിഗേറ്റ് കിറ്റ് നടൻ ജയസൂര്യക്ക് നൽകി നടി ജോളി ചിറയത്തും ഉദ്ഘാടനം ചെയ്തു.

