‘മലയാള സിനിമയുടെ ചരിത്രത്തിലെ നിർണ്ണായക ഡോക്യുമെൻ്റാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്’; ബി ഉണ്ണികൃഷ്ണൻ
‘മലയാള സിനിമയുടെ ചരിത്രത്തിലെ നിർണ്ണായക ഡോക്യുമെൻ്റാണ് ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഫെഫ്ക്ക വിശദമായി ചർച്ച ചെയ്തുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ടിൽ പരാമർശിക്കുന്ന പേരുകൾ പുറത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിനിമയിലെ ലൈംഗിക അതിക്രമത്തെ ഫെഫ്ക്ക യാഥാർത്ഥ്യമായി കാണുന്നു.

കമ്മിറ്റി കാണേണ്ട ആളുകളെ തെരഞ്ഞെടുത്ത രീതിയിൽ ഫെഫ്ക്കക്ക് വിയോജിപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കാണേണ്ട ആളുകളെ തെരഞ്ഞെടുത്തതിന് അടിസ്ഥാനമെന്തെന്നും വലിയ ട്രേഡ് യൂണിയനായ ഫെഫ്ക്കയുടെ നേതാക്കളെ എന്തുകൊണ്ട് കണ്ടില്ല എന്നും ചോദിച്ചു. ഗ്രൂപ്പ് മീറ്റിംഗിൽ നിന്ന് എന്തുകൊണ്ട് ഒഴിവാക്കി. കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലും ഫെഫ്ക്കയുടെ വനിതാ അംഗങ്ങൾ ഉൾപ്പെട്ടില്ല.

ഫെഫ്ക്ക ഡാൻസേഴ്സ് യൂണിയനിലെ 2 വനിതാ അംഗങ്ങളെ കമ്മിറ്റി കേട്ടു. അവർക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായില്ല എന്നാണ് അവർ മൊഴി നൽകിയത് എന്നാൽ കമ്മിറ്റി രേഖപ്പെടുത്തിയത് വസ്തുതകൾ മറച്ചു വെച്ച് മൊഴി നൽകി എന്നാണെന്നും അദ്ദേഹം പ്രതികരിച്ചു. 15 അംഗ പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അവരെ ലിസ്റ്റ് ചെയ്യണം എന്നും ബി ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. പവർ ഗ്രൂപ്പ് എന്നത് ആസൂത്രിതമായി കമ്മിറ്റിയ്ക് മുൻപിൽ അവതരിപ്പിച്ചതാണെന്ന് ഫെഫ്ക്ക കരുതുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

