ഗവർണർ നാടിനും ജനങ്ങൾക്കും അപമാനം; ഇ പി ജയരാജൻ
തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാടിനും ജനങ്ങൾക്കും അപമാനമാണെന്നും അദ്ദേഹത്തെ അടിയന്തരമായി തിരിച്ചു വിളിക്കണമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ‘‘ഒരു സംസ്ഥാനത്തെ ഗവർണർ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടതും പെരുമാറേണ്ടതും. ഗവർണർക്ക് എന്തോ സംഭവിച്ചിരിക്കുകയാണ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.

ഗവർണർക്ക് വേണ്ടതു ചെയ്യാൻ ബിജെപി നേതൃത്വം തയ്യാറാകണം. ഗവർണർ പദവിയെക്കുറിച്ച് അദ്ദേഹത്തിന് ഒരു നിശ്ചയവുമില്ലാത്ത തരത്തിലാണ് പെരുമാറ്റം. ഒരു സാധാരണ മനുഷ്യന്റെ നിലവാരത്തിലാണോ സംസാരിക്കുന്നത്. നിലവാരമില്ലാത്ത വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. കാറിൽനിന്ന് ചാടിയിറങ്ങി അടിപിടിക്ക് പോകുകയാണ്. അദ്ദേഹത്തിൻറെ നടപടികൾ കേരള ജനങ്ങൾക്കും സർക്കാറിനും അപമാനകരമാണ്. ഗവർണറെ പിന്തുണയ്ക്കുന്ന ബിജെപി ജനങ്ങളെ അപമാനിക്കുകയാണ് ‘‘- ഇ പി ജയരാജൻ പറഞ്ഞു.

