KOYILANDY DIARY

The Perfect News Portal

ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ഗവർണർ. വി.സി ചുമതല ആർക്ക് നൽകണമെന്ന് സർക്കാറിനോട് അഭിപ്രായം തേടി

ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ഗവർണർ. വി.സി ചുമതല ആർക്ക് നൽകണമെന്ന് സർക്കാറിനോട് അഭിപ്രായം തേടി. വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിന് ഒരു പങ്കുമില്ലെന്ന് പറഞ്ഞിരുന്ന ഗവർണർ ആ നിലപാടിൽ നിന്നും മാറിയാണ് സർക്കാരിനോട് മാർച്ച് 31 ന് സിസാ തോമസ് വിരമിക്കുമ്പോൾ പകരം സാങ്കേതിക സർവകലാശാലയുടെ വിസി ചുമതല ആർക്ക് നൽകണമെന്ന് അഭിപ്രായം തേടിയത്. ഇതേപ്പറ്റി സർക്കാരിന് ഗവർണർ കത്തയച്ചു.

സർക്കാരിൻ്റെ അഭിപ്രായം അംഗീകരിച്ച് സാങ്കേതിക സർവകലാശാലാ വി.സിയുടെ ചുമതല ഡിജിറ്റൽ സർവകലാശാലാ വി.സി ഡോ.സജി ഗോപിനാഥിന് നൽകിയേക്കുമെന്നാണ് വിവരം. സജി ഗോപിനാഥിനോ സർക്കാർ നിർദ്ദേശിക്കുന്ന മറ്റാർക്കെങ്കിലുമോ ചുമതല നൽകാൻ വിരോധമില്ലെന്നും ഗവർണർ സർക്കാരിനെ അറിയിച്ചു. ഇക്കാര്യമറിയിച്ചുള്ള ഗവർണറുടെ സെക്രട്ടറിയുടെ കത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു തിരുവനന്തപുരത്ത് എത്തിയ ശേഷം തീരുമാനമെടുക്കും.
ഗവർണറുടെ നിലപാടുകൾ കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ നിരന്തരം പരാജയപ്പെടുന്നതും മറ്റൊരു കാരണമാണ്. സുപ്രീംകോടതി വിധിയെ തുടർന്ന് വിസിമാരെ പുറത്താക്കാനുള്ള നോട്ടീസ് നൽകിയെങ്കിലും ഉത്തരവ് നടപ്പിലാക്കുന്നത് കോടതി തടഞ്ഞിരിക്കുകയാണ്. സമാന വിസി നിയമനങ്ങൾ ബംഗാളിൽ കോടതി അസാധുവാക്കിയെങ്കിലും കേരള ഹൈക്കോടതി ഇതുസംബന്ധിച്ച കേസിൽ വിധി പറഞ്ഞിട്ടില്ല.
Advertisements
ഗവർണറുടെ കേരള സർവകലാശാല ഉത്തരവുകൾ കോടതി റദ്ദാക്കിയതിനെതിരെ അപ്പിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട സർവ്വകലാശാല നിയമോപദേശകൻ ഗവർണർക്ക് കത്ത് നൽകിയെങ്കിലും ഗവർണർ അദ്ദേഹത്തിൻ്റെ ശുപാർശ പരിഗണിച്ചിട്ടില്ല. സർക്കാരുമായുള്ള അനുരഞ്ജനത്തിൻ്റെ ഭാഗമായാണിതെന്നാണ് സൂചന.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ഡോ. ടി. പി. ബൈജു ബായി, സാങ്കേതിക യൂണി. മുൻ അക്കാഡമിക് ഡീൻ ഡോ. വൃന്ദ വി. നായർ, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലും സിൻഡിക്കേറ്റംഗവുമായ ഡോ. സി. സതീഷ് കുമാർ എന്നിവരാണ് പാനലിലുണ്ടായിരുന്നത്. ഇവരിലാരെയും നിയമിക്കാനാവില്ലെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. താത്കാലിക വി.സി നിയമനത്തിൽ സർക്കാരിന് ശുപാർശ നൽകാനുള്ള അധികാരം ഹൈക്കോടതി നേരത്തേ അംഗീകരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഗവർണർ സർക്കാരിനോട് അഭിപ്രായം തേടിയത്.