വനിതാ നേതാക്കൾക്കെതിരായ പൂതന പരാമർശത്തിൽ കെ. സുരേന്ദ്രനെതിരെ കേസെടുത്തു
വനിതാ നേതാക്കൾക്കെതിരായ പൂതന പരാമർശത്തിൽ കെ. സുരേന്ദ്രനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനടക്കം ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് കേസ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ സി.എസ്. സുജാതയുടെ പരാതിയിലാണ് നടപടി. ഐ പി സി 509, 304 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
സുരേന്ദ്രനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസിലും പരാതി ലഭിച്ചിട്ടുണ്ട്. സ്ത്രീകളെ നീചമായി അധിക്ഷേപിച്ച സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്.നായർ മുഖ്യമന്ത്രിക്കും വനിതാകമ്മീഷനും പരാതി നൽകി. കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തൊട്ടുപിന്നാലെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും സുരേന്ദ്രനെയിരായി ശക്തമായി പ്രതികരിച്ചിരുന്നു. സുരേന്ദ്രൻ്റെ പ്രസ്താവന അദ്ദേഹത്തിൻ്റെ നിലവാരവും സംസ്കാരവുമാണ് വ്യക്തമാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പ്രസ്താവന പിൻവലിച്ച് സുരേന്ദ്രൻ മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആവശ്യപ്പെട്ടു.

ഞായറാഴ്ച തൃശൂരിൽ നടന്ന സ്ത്രീശക്തി സംഗമത്തിൻ്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിലെ പ്രസംഗത്തിൽ നടത്തിയ പരാമർശമാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്.’കേരളത്തിലെ മാർക്സിസ്റ്റ് വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്ത്, കാശടിച്ചുമാറ്റി തടിച്ചുകൊഴുത്തു പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്.

