KOYILANDY DIARY.COM

The Perfect News Portal

കാന്‍സര്‍ മരണ നിരക്ക് കുറയ്ക്കുക, ചികിത്സ ചെലവ് കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ ശ്രമം: മന്ത്രി വീണാ ജോര്‍ജ്

കാരുണ്യ സ്പര്‍ശം പദ്ധതിയിലൂടെ 3 കോടി രൂപയുടെ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തുവെന്ന് മന്ത്രി വീണാ ജോര്‍ജ്. 13 ലക്ഷത്തിലേറെ സ്ത്രീകള്‍ കാന്‍സറിനെതിരായ ക്യാമ്പയിന്റെ ഭാഗമായെന്നും കാന്‍സര്‍ മരണ നിരക്ക് കുറയ്ക്കുക, ചികിത്സ ചെലവ് കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കീമോ തെറാപ്പി, റേഡിയേഷന്‍ തുടങ്ങിയവ ജില്ലാ ആശുപത്രികളിലേക്കും ഏര്‍പ്പെടുത്തിയെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ആരോഗ്യ രംഗത്തിന്റേത് മികച്ച പ്രകടനമാണെന്നും ലോകത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി അറിയിച്ചു.

ആര്‍സിസിയില്‍ ഇതുവരെ 300 റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി നടത്താന്‍ കഴിഞ്ഞുവെന്നും എംസിസിയില്‍ 200 റോബോട്ടിക് ശസ്ത്രക്രിയകള്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു. കണ്ണിന് ഉണ്ടാകുന്ന ട്യൂമര്‍ എടുത്ത് കളയാനുള്ള സങ്കേതിക വിദ്യ മലബാര്‍ കാന്‍സര്‍ സെന്റര്‍ വികസിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാന്‍സര്‍ സ്‌ക്രീനിംഗിലേക്ക് ജനങ്ങളെ എത്തിക്കാന്‍ സര്‍ക്കാര്‍ ക്യാമ്പയിന് കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത് ഒരു മാസ് മൂവ്‌മെന്റ് ആണെന്നും കാരുണ്യ സ്പര്‍ശം പോലുള്ള പദ്ധതി ലോകത്തില്‍ ആദ്യമായിട്ടാണെന്നും മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ വ്യക്തമാക്കി.

Share news