വിലങ്ങാടിനെ ചേർത്തുപിടിച്ച് സർക്കാർ

നാദാപുരം: വിലങ്ങാടിനെ ചേർത്തുപിടിച്ച് സർക്കാർ. പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന മന്ത്രിതല ചർച്ചയുടെ തീരുമാനം ആഹ്ലാദത്തോടെയാണ് മലയോര ജനത സ്വീകരിച്ചത്. സർവവും നഷ്ടമായി ജീവിതം ദുരിതപൂർണമായവരുടെ കണ്ണീരൊപ്പുന്ന ഇടപെടലാണ് ഇതിലൂടെ ഉണ്ടായത്.

വാടകവീടുകളിൽ താമസിക്കുന്ന 92 കുടുംബങ്ങൾക്ക് നൽകുവാൻ തീരുമാനിച്ച 6000 രൂപ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നത് ദുരിതബാധിതരെ സർക്കാർ കൈവിടില്ലെന്ന പ്രഖ്യാപനമായി. ഡ്രോൺ ഇമാജിനേഷൻ ലിഡാർ സർവേ നടത്തിയ റിപ്പോർട്ട്, എൻഐടിയുടെ പഠനശേഷം പ്രദേശങ്ങൾ വാസയോഗ്യമാണോ എന്ന് പരിശോധിച്ച് ജനുവരിയിൽ കൈമാറാൻ നിർദേശിച്ചിട്ടുണ്ട്. പുഴയിലെ അവശിഷ്ടങ്ങൾ നീക്കാൻ രണ്ട് കോടിയും തകർന്നവ പുനർനിർമിക്കാൻ 49.60 ലക്ഷവും അനുവദിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കാലതാമസം വരുമോ എന്ന ആശങ്കയാണ് സർക്കാർ നടപടിയിലൂടെ മലയോര ജനതക്ക് ഇല്ലാതായത്.
