രാജ്യത്തെ ആദ്യ ഫയർ ആൻഡ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് സെന്‍ററിന് കണ്ണൂരില്‍ തറക്കല്ലിട്ടു
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ ഫയർ ആൻഡ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് സെന്റർ കണ്ണൂരിലെ അഞ്ചരക്കണ്ടിയിൽ യാഥാർത്ഥ്യമാകാൻ പോവുകയാണ്. ബംഗ്ലാവ് മെട്ടയിൽ നിർമിക്കുന്ന സെന്ററിന്റെ നിർമാണപ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സ്ഥാപനം വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കാട് പിടിച്ച് കിടന്ന അഞ്ചര ഏക്കറോളം വരുന്ന സ്ഥലം എന്തെങ്കിലും പൊതു ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയില്ലേ എന്ന മുഖ്യമന്ത്രിയുടെ അരികിലേക്ക് കത്ത് വഴി എത്തിയ ഒരു ചോദ്യമാണ് നാടിൻ്റെ മുഖച്ഛായ തന്നെ മാറ്റാൻ കാരണമായത്. കുറുവ യു പി സ്കൂൾ അധ്യാപികയായ പി സി സുജാത ടീച്ചറാണ് ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചത്. ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറയുന്നുണ്ട്. ഈ സ്ഥലം കണ്ടെത്തുന്നതിന് ഇടയാക്കിയ സംഭവം കൂടി നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയാണെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പറഞ്ഞുതുടങ്ങുന്നത്.

ഇവിടെ ഇങ്ങനെ ഒരു സ്ഥലം കാടുപിടിച്ച് കിടക്കുകയാണെന്ന് നാട്ടുകാരിലൊരാൾ കത്തയച്ചു. മൃഗങ്ങളും ഇഴജന്തുക്കളുമൊക്കെയായി നാട്ടുകാർക്ക് ഒരു പ്രശ്നമായി സ്ഥലം മാറുകയാണ് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ഒരു കത്തായിരുന്നു അത്. എന്തെങ്കിലും പൊതു ആവശ്യത്തിനു വേണ്ടി ഈ സ്ഥലം ഉപയോഗിക്കാൻ പറ്റില്ലേ എന്നായിരുന്നു കത്തിലെ ചോദ്യം.

മുഖ്യമന്ത്രി തന്റെ കത്ത് വായിച്ചെന്ന് പി സി സുജാത ടീച്ചർ ഉറപ്പിച്ചുപറയുന്നു. കാരണം തന്റെ കത്തിലെ ഓരോ വാക്കും അന്ന് ആ വേദിയിൽ അദ്ദേഹം പറഞ്ഞത് ടീച്ചർ കേട്ടതാണ്. മുഖ്യമന്ത്രി തന്റെ കത്ത് വായിച്ചതിലെ ചാരിതാർത്ഥ്യം അവരുടെ വാക്കുകളിലുണ്ട്. ജനങ്ങളുടെ അപേക്ഷകൾ പോലും തുറന്നുനോക്കാതെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്ന അധികാരികളുള്ള ഒരു രാജ്യത്ത് കേരള മുഖ്യമന്ത്രി താൻ അയച്ച ഒരു കത്തടക്കം വായിച്ചുവെന്നത് അവർ അഭിമാനത്തോടെ പറയുന്നു. എന്റെ മുഖ്യമന്ത്രിയെന്ന് അഭിമാനം കൊള്ളുന്നു.

“മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞ അതേ പദമാണ് ഞാനും ഉപയോഗിച്ചത്. അപ്പോൾ കൃത്യമായി കത്ത് വായിച്ചെന്ന് എനിക്ക് മനസിലായി. ഇഴജന്തുക്കളും മൃഗങ്ങളും എല്ലാം കൊണ്ട് നമുക്ക് ഇവിടെ രക്ഷയില്ല എന്ന് പറഞ്ഞിട്ട് തന്നെയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ആ കത്തിലെ വാചകങ്ങൾ മുഖ്യമന്ത്രി പറയുമ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി. പ്രസംഗത്തിനിടെ ഞാനാണ് കത്തെഴുതിയതെന്ന് മനസിലാക്കി അദ്ദേഹം എന്നെ നോക്കി ചിരിച്ചു”, ടീച്ചറിന്റെ കണ്ണിലും വാക്കിലുമുള്ള പ്രതീക്ഷയും വിശ്വാസവും കേരളത്തിലെ ഇടതുഭരണത്തിന്റെ അടയാളം കൂടിയാണ്.
”ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് ഒരു കത്താണ്, ആ കത്താണ് ഇതിനെല്ലാം ഇടിയാക്കിയത്. എങ്ങനെയാണ് നാടിന്റെ കാര്യങ്ങൾ പ്രാവർത്തികമാകുന്നത് എന്നതാണ് ഇതിലൂടെ എല്ലാം വ്യക്തമാകുന്നത്. ചിലപ്പോൾ വെറുതെ ഒരു കത്ത് തന്ന മട്ടിൽ ചിലർ അയക്കുന്നതാകം, എന്നാലും അതെല്ലാം നാടിന്റെ പ്രശ്നമായി ഗൗരവമായി ആലോചിക്കുന്ന ഒരു സർക്കാരാണ് കേരളത്തിൽ ഉള്ളത് എന്നതുകൊണ്ടാണ് ഈതരത്തിൽ അത് പ്രയോഗത്തിന് വരാൻ ഇടയായത്”, മുഖ്യമന്ത്രി പറഞ്ഞുവയ്ക്കുന്നു. അതേ, ഇതാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും സർക്കാരും.
നാടിന്റെ, നാട്ടുകാരുടെ ഏത് പ്രശ്നവും ഗൗരവമായി ആലോചിക്കുന്ന സർക്കാർ. അതിൽ വിട്ടുവീഴ്ച വരുത്താത്ത, പരിഹാരം കണ്ടെത്തുന്ന സർക്കാർ. ഇവിടെ ഒരു ടീച്ചറുടെ കത്ത് വഴിവെച്ചത് രാജ്യത്തെ ആദ്യ ഫയർ ആൻഡ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് സെന്ററിനാണ്. ജനങ്ങളെ കേൾക്കുന്ന സർക്കാരാണിതെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഒരു ഉദാഹരണമാണിത്.



