തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
നന്തി: തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നന്തി മുത്തായം ബീച്ചിനടുത്താണ് തെങ്ങുകയറ്റ തൊഴിലാളിയായ കാറിലകണ്ടി കോളനി, മൂലാട് ബാലൻ (63) എന്നയാൾ തെങ്ങിൽ കയറിയതിന്ശേഷം കയറാൻ ഉപയോഗിച്ച യന്ത്രത്തിൽ കാല് കുടുങ്ങി ഇറങ്ങാൻ പറ്റാതായത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി റോപ്പിന്റെയും നെറ്റിന്റെയും സഹായത്തോടുകൂടി ഇദ്ധേഹത്തെ സുരക്ഷിതമായി താഴെയിറക്കി.

അനൂപ്, ബബീഷ് പി എം, സിവിൽ ഡിഫൻസ് വളണ്ടിയര്‍ പ്രതീഷ് എന്നിവർ തെങ്ങിന് മുകളിൽ കയറിയാണ് താഴെയിറക്കിയത്. സ്റ്റേഷൻ ഓഫീസർ ശരത് പി കെ യുടെ നേതൃത്വത്തിൽ ഗ്രേഡ് ASTO പി കെ ബാബു, FRO മാരായ ജിനീഷ് കുമാർ, അരുൺ എസ്, അനൂപ്, ബബീഷ്, നിതിൻ രാജ്, റഷീദ്, ഹോംഗാര്‍ഡുമാരായ സോമരാജ്, ബാലൻ, സുജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
